Sorry, you need to enable JavaScript to visit this website.

പ്രവാസ കഥകള്‍ക്ക് പ്രസക്തിയേറുന്നു- ഡോ. അമാനുല്ല വടക്കാങ്ങര

മുനീര്‍ മങ്കടയുടെ നിലാവുറങ്ങുന്ന മരുഭൂമികള്‍ കവിതാ സമാഹാരം മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരക്ക് ആദ്യ പ്രതി നല്‍കി ഫാറൂഖ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.വി. ഹിക്മത്തുല്ല പ്രകാശനം ചെയ്യുന്നു.
മലപ്പുറം- തീവ്രമായ അനുഭവങ്ങളുടെ കലവറയാണ് പ്രവാസ ലോകമെന്നും മനുഷ്യ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാല്‍ ധന്യമായ പ്രവാസ കഥകള്‍ക്ക് പ്രസക്തിയേറുകയാണെന്നും പ്രവാസി മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്ലസ്  സി.ഇ.ഒ യുമായ ഡോ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
മുനീര്‍ മങ്കടയുടെ നിലാവുറങ്ങുന്ന മരുഭൂമികള്‍ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗള്‍ഫ് പ്രവാസത്തിന് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവാസി ചരിത്രവും പ്രവാസി കഥകളും  ഇനിയും വേണ്ട രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭാഗഥേയം മാറ്റിയെഴുതിയ പ്രവാസി സമൂഹത്തിന് അര്‍ഹമായ പരിഗണന ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എരിഞ്ഞ് തീരുന്ന മെഴുകുതിരിയാണ് മിക്ക പ്രവാസികളും. പ്രവാസജീവിതത്തിന്റെ ശക്തമായ അലയടികളാണ് മുനീര്‍ മങ്കടയുടെ നിലാവുറങ്ങുന്ന മരുഭൂമികള്‍ എന്ന കവിതാ സമാഹാരത്തെ സവിശേഷമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
മങ്കട പൊതുജന വായനശാലയും  സൈന്‍ മങ്കടയുടെയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ജീവന്‍ നഷ്ടപെട്ടവരോടും ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് മൗന പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്. വായനശാല പ്രസിഡന്റ് സി. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു . ഇഖ്ബാല്‍ മങ്കട പുസ്തകം പരിചയപ്പെടുത്തി. ഫാറൂഖ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ്  പ്രൊഫസര്‍ ഡോ. വി. ഹിക്മത്തുല്ല പുസ്തകം പ്രകാശനം ചെയ്തു. വരികളും വരകളും അറ നിറഞ്ഞ സര്‍ഗ ബോധവും മുനീര്‍ മങ്കടയുടെ ഓരോ കവിതയേയും വ്യതിരിക്തമാക്കുന്നു. പ്രവാസത്തിന്റെ നേരും നോവും ആവോളം അനുഭവിച്ച് ഹൃദ്യമായ ഭാവനയില്‍ അനുവാച്യകര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നു എന്നതാണ് നിലാവുറങ്ങുന്ന മരഭൂമികള്‍ എന്ന കവിതാ സമാഹാരത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ബുക്ക്‌പ്രൈസ് കരസ്ഥമാക്കിയ ഇഖ്ബാല്‍ മങ്കടക്കുള്ള സൈന്‍ മങ്കടയുടെ സ്‌നേഹോപഹാരം പി.ടി. ഗ്രൂപ്പ് ചെയര്‍മാന്‍. പി.ടി.അന്‍വര്‍ സമ്മാനിച്ചു. തുടര്‍ന്നു നടന്ന ആശയ സംവാദത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെകുറിച്ചുള്ള ചര്‍ച്ചയ്ക്ക് സൈന്‍ മങ്കടയുടെ പ്രസിഡന്റ് ഗോപാലന്‍ മങ്കട മോഡറേറ്ററായി. സലാം എലിക്കോട്ടില്‍, പി.ടി ഷറഫുദ്ധീന്‍, ഫൈസല്‍ മാമ്പള്ളി, അനില്‍ മങ്കട, അഡ്വ.ടി. കുഞ്ഞാലി, പി.രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ശശികുമാര്‍ മങ്കട, ഷാഹിന തറയില്‍, ഗോപാലന്‍ മാസ്റ്റര്‍, ബാപ്പുകൂട്ടില്‍, സീന, സന്തോഷ് പാറല്‍, ജാസ്മിന്‍ ഫിറോസ്, ഉമര്‍ തയ്യില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുമാരി ആര്യ കവിതാലാപനം നടത്തി. മുസ്തഫ മങ്കട സ്വാഗതവും  മുനീര്‍ മങ്കട നന്ദിയും പറഞ്ഞു.
 

Latest News