കലാകിരീടം കണ്ണൂര്‍ സ്‌ക്വാഡിന്

കൊല്ലം- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടം നേടിയ കണ്ണൂരിന്. മലയാളത്തിന്റെ അഭിമാനം മമ്മൂട്ടി കലാകിരീടം  കൈമാറി. പലതരം കലകളുടെ സമ്മേളനമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് മമ്മൂട്ടി പറഞ്ഞു. മത്സരത്തില്‍ ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. താനൊരു കലോത്സവത്തിലും പങ്കെടുത്തിട്ടില്ലെന്നും എന്നിട്ടും നിങ്ങള്‍ക്കു മുമ്പില്‍ ഇങ്ങനെ വന്നുനില്‍ക്കുന്നുണ്ടെങ്കിലും ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ഒരേപോലെ അവസരമുണ്ടെന്നാണ് അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. 

ക്ഷേത്രകലകളും മാപ്പിളപ്പാട്ടും തുടങ്ങി എല്ലാതരം കലകളും യാതൊരു വിവേചനവുമില്ലാതെ സമ്മേളിക്കുന്നതാണ് കലോത്സവം. കണ്ണൂര്‍ സ്‌ക്വാഡിനാണ് കലോത്സവത്തിലെ ഒന്നാം സ്ഥാനം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. കലോത്സവ സമ്മാനത്തുക അടുത്ത വര്‍ഷം മുതല്‍ വര്‍ധിപ്പിക്കുമെന്നും മാനുവല്‍ പുതുക്കുമെന്നും മന്ത്രി. വി. ശിവന്‍കുട്ടി പറഞ്ഞു. വട്ടപ്പാട്ടില്‍ മത്സരിച്ച് മടങ്ങുമ്പോള്‍ അപകടത്തില്‍പ്പെട്ട മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്കക് അരലക്ഷം രൂപയും മന്ത്രി പ്രഖ്യാപിച്ചു. 

മന്ത്രിമാരായ സജി ചെറിയാന്‍, ജി. ആര്‍. അനില്‍, ജെ. ചിഞ്ചുറാണി, എം. എല്‍. എമാരായ എം. മുകേഷ്, എം. നൗഷാദ്, പി. സി. വിഷ്ണുനാഥ്, പി. എസ്. സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, കലക്ടര്‍ എന്‍. ദേവിദാസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു. 

നാലാം തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവ  കിരിടീം നേടുന്ന കണ്ണൂര്‍ 952 പോയിന്റുമായാണ്  ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് 949 പോയിന്റുമായി കോഴിക്കോട് ജില്ലയാണുള്ളത്. മൂന്നാം സ്ഥാനത്ത് പാലക്കാട് ജില്ല 938 പോയിന്റോടെ എത്തി. 

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 249 പോയന്റുമായി ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് 116 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകള്‍ ആവശ്യവുമായി എത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാവും അടുത്ത വേദി നിശ്ചയിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News