സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്  മോഡി എത്തിയേക്കും, റിപ്പോര്‍ട്ട് തേടി 

തൃശൂര്‍-സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 17ന് ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച സുരക്ഷ ക്രമീകരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ കേരള പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പോലീസ് പരിശോധിക്കുകയും സുരക്ഷ സംബന്ധിച്ച് കേരള പോലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്നാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മോഡി മൂന്ന് തവണ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച 'സ്ത്രീശക്തി മോഡിക്കൊപ്പം' മഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ഈ മാസം മൂന്നിന് മോഡി കേരളത്തിലെത്തിയിരുന്നു.
ഈ മാസം 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് വിവാഹ സല്‍ക്കാരം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്. സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ. നടന്‍ ഗോകുല്‍, മാധവ്, ഭാവ്നി, പരേതയായ ലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയത്.

Latest News