ദുബായ്- ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന മുൻ പ്രവാസി യുവാവ് സഹായം തേടുന്നു. കൊല്ലം ചവറ കൊട്ടുകാട് പെരുമ്പളത്ത് കിഴക്കതിൽ വാടക വീട്ടിൽ താമസിച്ചു വരുന്ന ബഷീർ-ഖൈറുന്നിസ ദമ്പതികളുടെ മകൻ മനാഫ് (32) ആണ് പ്രവാസ ലോകത്തെ കരുണ്യമതികളുടെ സഹായം തേടുന്നത്.
പത്തു വർഷം മുമ്പാണ് സ്വന്തമായി ഒരു കൊച്ചു വീടും കുടുംബത്തിന്റെ സംരക്ഷണത്തിനുമായി ദുബായിലേക്ക് വിമാനം കയറിയത്. എന്നാൽ തുഛമായ വരുമാനം കുടുംബ ചെലവുകൾക്ക് ഉപരി വീട് എന്നത് സ്വപ്‌നങ്ങളിൽ ഒതുങ്ങി. ഇതിനിടെ വിവാഹിതനുമായി. ഒരു വർഷം മുമ്പ് അമിതമായ രക്തസമ്മർദം മൂലം അബുദാബിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിൽ ഇരു വൃക്കകളും തകരാറിലായി എന്നറിഞ്ഞു. തുടർന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി കൊച്ചി മെഡിക്കൾ ട്രസ്റ്റിലെ പരിശോധനയിൽ വൃക്ക മാറ്റിവെക്കൽ മാത്രമേ പരിഹാരമായി ഉള്ളൂ എന്ന് ഡോക്ടർമാർ നിർദേശിച്ചു.
തുടർന്ന് കൊല്ലം നായേഴ്‌സ് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഭീമമായ തുക ആവശ്യമായതിനാലാണ് ഉദാരമതികളുടെ സഹായം തേടുന്നത്. സെക്യൂരറ്റി ജോലിക്കാരനായിരുന്ന പിതാവ് ബഷീർ ആരോഗ്യസ്ഥിതി മോശമായതിനാൽ വീട്ടിലിരിപ്പാണ്. മനാഫിനെയും കുടുംബത്തെയും സഹായിക്കാൻ താൽപര്യമുള്ള വ്യക്തികളോ സംഘടനകളോ ഉണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെട്ട് സഹായിക്കാവുന്നതാണ്. മനാഫിന്റെ പിതാവിന്റെ പേരിൽ എസ്.ബി.ഐ ചവറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ 41267097901 ഐ.എഫ്.എസ് കോട് എസ്.ബി.ഐ.എൻ-0015785 ഗൂഗിൾ പേ നമ്പർ-8089254439.






