Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; ശൈഖ് മക്തൂം ബിൻ മുഹമ്മദ് ഉപപ്രധാനമന്ത്രി

ശൈഖ് മക്തൂം ബിൻ മുഹമ്മദ്

ദുബായ് - യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായി കൂടിയാലോചിച്ചും പ്രസിഡന്റിന്റെ അനുമതിയോടെയുമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം അറിയിച്ചു. ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിനെ ധന, സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപപ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ മുബാറക് ഫാദിൽ അൽമസ്‌റൂഇയെ പ്രതിരോധ സഹമന്ത്രിയായി നിയമിച്ചു. ഇദ്ദേഹം നേരത്തെ അബുദാബി കിരീടാവകാശിയുടെ കോർട്ടിൽ അണ്ടർ സെക്രട്ടറിയായും പ്രസിഡൻഷ്യൽ കോർട്ടിൽ ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്നു. 
പ്രസിഡൻഷ്യൽ കോർട്ടിൽ അന്താരാഷ്ട്രകാര്യ ഓഫീസ് മേധാവിയായി മർയം ഹാരിബ് അൽമുഹൈരിയെ നിയമിച്ചു. ഇതിനു മുമ്പ് ഇവർ പരിസ്ഥിതി മന്ത്രാലയത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ഡോ. ആമിന ബിൻത് അബ്ദുല്ല അൽദഹാക് അൽശാംസി ആണ് പുതിയ പരിസ്ഥിതി മന്ത്രി. ബഹിരാകാശ യാത്രികനായ സുൽത്താൻ അൽനിയാദിയെ യുവജന കാര്യങ്ങൾക്കുള്ള സഹമന്ത്രിയായും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം നിയമിച്ചിട്ടുണ്ട്. സുൽത്താൻ അൽനിയാദി പ്രധാന ബഹിരാകാശ യാത്രികനാണെന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്നും സൈന്യത്തിലും ബഹിരാകാശ മേഖലയിലും തന്റെ രാജ്യത്തെ സേവിച്ചുവെന്നും ശാസ്ത്ര രംഗത്ത് മാനവരാശിയെ സേവിച്ചുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബിയാണ് സുൽത്താൻ അൽനിയാദി. ആറു മാസം നീണ്ട ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ ആദ്യത്തെ അറബിയുമാണ് സുൽത്താൻ അൽനിയാദി. 2024 നന്മയുടെ വർഷമായിരിക്കും. പുതുവർഷം യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരവും മഹത്തായതുമായിരിക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം പറഞ്ഞു. 

Latest News