Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആവേശത്തിന്റെ രണ്ടാം പകുതി

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ പാതിവഴിയിൽ പുതുവർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരിക്കൽകൂടി ആവേശത്തിന്റെ രണ്ടാം പകുതിക്കായി ടീമുകൾ കച്ചമുറുക്കുകയാണ്. ആദ്യ അഞ്ച് ടീമുകൾ തമ്മിൽ ആറ് പോയന്റിന്റെ വ്യത്യാസമേയുള്ളൂ. മോശം ഫോമിൽ നിന്ന് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കരകയറുകയാണ്. ആഴ്‌സനലും ആസ്റ്റൺവില്ലയും ടോട്ടനമും തൊട്ടുതൊട്ടുണ്ട്. ചെൽസിയും ന്യൂകാസിലും മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് നിരാശപ്പെടുത്തിയത്. മൂന്നു ടീമുകളും കൂടി ഈ സീസണിൽ ഇതുവരെ 26 കളി തോറ്റു. സ്ഥാനക്കയറ്റം നേടി വന്ന ഷെഫീൽഡ് യുനൈറ്റഡും ബേൺലിയും ലൂടനും തിരിച്ച് താഴേക്ക് തന്നെ പോവുന്ന മട്ടാണ്. എവർടന് 10 പോയന്റ് പിഴ ശിക്ഷ കിട്ടിയത് 70 വർഷത്തിനിടയിൽ ആദ്യമായി അവർ തരംതാഴ്ത്തപ്പെടുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്. ഇതാ ഈ സീസണിലെ അഞ്ച് പാഠങ്ങൾ:
ചെമ്പട തിരിച്ചുവരുന്നു
കഴിഞ്ഞ സീസണിൽ ലിവർപൂളിന് യുഗാന്ത്യമായിരുന്നു. തളർന്ന അവരുടെ ചെമ്പട അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, അതും ചരിത്രത്തിലാദ്യമായി മുൻ സീസണിൽ ഹാട്രിക് കിരീടത്തിന് തൊട്ടടുത്തെത്തിയ ശേഷം. മധ്യനിര ഉടച്ചുവാർത്തത് ഒട്ടും ഗുണം ചെയ്തില്ല. ഗോൾവലക്കു മുന്നിൽ ഡാർവിൻ നൂനസിനെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഉറുഗ്വായ്ക്കാരനായ നൂനസിനു വേണ്ടി എട്ടരക്കോടി പൗണ്ട് മുടക്കിയത് വെറുതെയായോയെന്ന് ആശങ്കയുയർന്നു. 
പക്ഷേ ലിവർപൂൾ തിരിച്ചുവരികയാണ്. യൂർഗൻ ക്ലോപ്പിന്റെ ടീമാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഏറ്റവും വലിയ വെല്ലുവിളിയുയർത്തുന്നത്. തിങ്കളാഴ്ച ഈ വർഷത്തെ ആദ്യ മത്സരത്തിൽ അവർ ന്യൂകാസിലിനെ പൂർണമായും വാരി. സ്‌കോർ ലൈൻ സൂചിപ്പിക്കുന്ന 4-2 നേക്കാളും മൃഗീയമായിരുന്നു അവരുടെ ആധിപത്യം. സിറ്റിക്ക് അഞ്ചും ആഴ്‌സനലിന് മൂന്നും പോയന്റ് മുന്നിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. പരിചയ സമ്പന്നനായ ഗോൾകീപ്പർ അലിസൻ ബെക്കറും ക്യാപ്റ്റൻ വിർജിൽ വാൻഡെക്കും ടോപ്‌സ്‌കോറർ മുഹമ്മദ് സലാഹും ഫോം തിരിച്ചുപിടിച്ചു കഴിഞ്ഞു. അടുത്ത നാലു കളികളിൽ സലാഹ് ഇല്ലെന്നതായിരിക്കും അവരുടെ പ്രധാന പ്രശ്‌നം. ആഫ്രിക്കൻ നാഷൻസ് കപ്പിനായി ഈജിപ്ത് ക്യാമ്പിൽ ചേരുകയാണ് സലാഹ്. 
ചാമ്പ്യന്മാരെ അവഗണിക്കരുത്
ക്ലബ്ബ് ലോകകപ്പിനായി ജിദ്ദയിലേക്ക് പോവും മുമ്പ് ആറ് ലീഗ് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് സിറ്റി ജയിച്ചത്. എതിരാളികൾ ആഹ്ലാദത്തിലായിരുന്നു. എന്നാൽ ക്രിസ്മസ് അവധിക്കാലം ഏറ്റവും ആഘോഷിച്ചത് പെപ് ഗാഡിയോളയും കൂട്ടരുമാണ്. 2023 ലെ അഞ്ചാമത്തെ ട്രോഫിയുമായി സൗദി അറേബ്യയിൽ നിന്ന് വന്ന അവർ രണ്ട് ലീഗ് മത്സരങ്ങളും ജയിച്ചു. തൊട്ടടുത്ത എതിരാളികളെല്ലാം പോയന്റ് കൈവിടുന്നത് ആഹ്ലാദത്തോടെ വീക്ഷിച്ചു. ലിവർപൂളിന് അഞ്ച് പോയന്റ് പിന്നിലാണെങ്കിലും ഒരു മത്സരം സിറ്റിക്ക് കളിക്കാനുണ്ട്. കഴിഞ്ഞ വർഷം ആഴ്‌സനലിനെ അവർ മറികടന്നത് അവസാന വേളയിലാണ്. ആ സാധ്യതയാണ് വീണ്ടും തെളിയുന്നത്. 
ഈ സീസണിലെ ആദ്യ കളിക്കു ശേഷം പരിക്കുമായി വിട്ടുനിൽക്കുന്ന കെവിൻ ഡിബ്രൂയ്‌നെ തിരിച്ചുവരികയാണ്. എർലിംഗ് ഹാളന്റും കായികക്ഷമത നേടുന്നു. വരാനുള്ള എതിരാളികളും അത്ര ശക്തരല്ല. മാർച്ച് ഒമ്പതിന് ലിവർപൂളിൽ തിരിച്ചെത്തും മുമ്പ് ആദ്യ ആറിലുള്ള ഒരു ടീമിനെയും അവർക്ക് നേരിടേണ്ടതില്ല. 
വണ്ടർ വില്ല
ഹോം ഗ്രൗണ്ടിലെ ഉജ്വല വിജയങ്ങളിലൂടെ ഉനായ് എമറി ആസ്റ്റൺവില്ലയെ വണ്ടർ ടീമാക്കി മാറ്റിയിരിക്കുകയാണ്. വില്ല പാർക്കിലെ 10 കളികളിൽ വാലറ്റക്കാരായ ഷെഫീൽഡ് യുനൈറ്റഡ് മാത്രമാണ് ഒരു പോയന്റുമായി രക്ഷപ്പെട്ടത്. സിറ്റിയെയും ആഴ്‌സനലിനെയും വരെ അവർ വീഴ്ത്തി. അവസാനം വരെ ഈ ഫോം നിലനിർത്താനാവുമോയെന്ന് സംശയമുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ആദ്യമായി സ്ഥാനം നേടാനുള്ള സാധ്യതയുയർത്തിയിരിക്കുകയാണ് വില്ല. 
തുന്നം പാടി യുനൈറ്റഡ്
എറിക് ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് പ്രതീക്ഷാനിർഭരമായിരുന്നു ആദ്യ സീസൺ. ഒരു പതിറ്റാണ്ടിനിടയിൽ ലീഗ് ചാമ്പ്യന്മാരാവാമെന്ന പ്രതീക്ഷയുയർന്നു. എന്നാൽ ഇത്തവണ എല്ലാം പാളി. 14 കളികളാണ് മൊത്തം അവർ തോറ്റത്. 1930-31 നു ശേഷം ഇത്രയും വലിയ തോൽവി ആദ്യം. ലീഗിൽ എട്ടാം സ്ഥാനത്താണ് അവർ, ലിവർപൂളിന് 14 പോയന്റ് പിന്നിൽ. ആദ്യ നാല് സ്ഥാനം പോലും ഒമ്പത് പോയന്റ് മുന്നിലാണ്. 
പരിക്കുകൾ ടീമിനെ വലയ്ക്കുകയാണ്. ട്രാൻസ്ഫർ മാർക്കറ്റിലൊഴുക്കാൻ പണമില്ല. അറ്റ്‌ലാന്റയിൽ നിന്ന് 7.2 കോടി പൗണ്ട് കരാറിലെത്തിയ റാസ്മസ് ഹോയ്‌ലന്റ് നേടിയത് ഒരു ഗോളാണ്. അഞ്ചരക്കോടി പൗണ്ടിന് കരാറുറപ്പിച്ച മെയ്‌സൻ മൗണ്ട് അപൂർവമായേ കളിച്ചുള്ളൂ. 4.7 കോടി പൗണ്ടിന് ടീമിലെടുത്ത ഗോൾകീപ്പർ ആന്ദ്രെ ഒനാനക്ക് തുടരെ പിഴച്ചു. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിൽ യുനൈറ്റഡ് അവസാന സ്ഥാനത്തായി. ബ്രിട്ടിഷ് കോടീശ്വരൻ ജിം റാഡ്ക്ലിഫ് 25 ശതമാനം ഓഹരി സ്വന്തമാക്കുന്നതു കണ്ടാണ് പുതുവർഷം പിറന്നത്. 
സൂപ്പർ ഫ്‌ളോപ്
ഈ സീസണിലെ ഏറ്റവും വലിയ നിരാശ ട്രാൻസ്ഫർ മാർക്കറ്റിൽ ലോക റെക്കോർഡ് സ്ഥാപിച്ച ചെൽസിയാണ്. യുനൈറ്റഡിനും മൂന്ന് പോയന്റ് പിന്നിൽ പത്താം സ്ഥാനത്താണ് അവർ. മൂന്ന് ട്രാൻസ്ഫർ കാലയളവിലായി 100 കോടി പൗണ്ടാണ് പുതിയ കളിക്കാർക്കായി അവർ ചെലവിട്ടത്. നാല് കോച്ചുമാരെ മാറ്റി. എവർടനോട് തോറ്റതോടെ വീണ്ടും പുതിയ കളിക്കാരെ തേടുകയാണ് കോച്ച് മൗറിസിയൊ പോചറ്റീനൊ. അതിന് പണം കണ്ടെത്താൻ ചെൽസി അക്കാദമിയിലെ പ്രതിഭ കോണോർ ഗലാഗറെ ടോട്ടനത്തിന് വിൽക്കുന്നുവെന്ന വാർത്ത ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. 

Latest News