Sorry, you need to enable JavaScript to visit this website.

പുതുവർഷത്തിലെ പ്രതീക്ഷകൾ

ഓരോ പുതുവർഷവും പുലരുന്നത് പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ്. പ്രത്യേകിച്ചും ഇത് ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെയും ഒളിംപിക്‌സിന്റെയും വർഷമാണ്. ഇന്ത്യൻ കായികരംഗം പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ ആരാധകരുടെ മനസ്സിലുള്ള ചോദ്യങ്ങളെന്താണ്, അവ പൂവണിയാനുള്ള സാധ്യതയെന്താണ്? 

ആര് ജയിക്കും ഗുസ്തി?
ഒരു വശത്ത് ലോക ചാമ്പ്യന്മാരും ഒളിംപിക് മെഡലുകാരുമായ കളിക്കാർ, മറുവശത്ത് ലൈംഗികാരോപണത്തിൽ് വിചാരണ നേരിടുന്ന മുൻ പ്രസിഡന്റ്. മുൻ പ്രസിഡന്റിന്റെ സന്തത സഹചാരി ഒരുവശത്ത്, ഗത്യന്തരമില്ലാതെ കേന്ദ്ര സ്‌പോർട്‌സ് മന്ത്രാലയം മറുവശത്ത്. പലതരം കളികൾ കണ്ട ഇന്ത്യൻ സ്‌പോർട്‌സിൽ പോലും പുതുമയുള്ളതാണ് ഗുസ്തി ഫെഡറേഷനിലെ ഗുസ്തി. നാടകീയ വഴിത്തിരിവോടെയാണ് 2023 അവസാനിച്ചത്. ബ്രിജ്ഭൂഷൺ ശരൺ സിംഗ് ക്യാമ്പ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പിടിച്ചടക്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗ് വിജയശ്രീലാളിതനായി നേരെ പോയത് ബ്രിജ്ഭൂഷന്റെ വീട്ടിലേക്ക്. സാക്ഷി മലിക് വിരമിച്ചു, ബജ്‌റംഗ് പൂനിയ പത്മശ്രീയും വിനേഷ് ഫോഗട് ഖേൽരത്‌ന, അർജുന അവാർഡുകളും തിരിച്ചുനൽകി. ഒടുവിൽ ഫെഡറേഷനെ സ്‌പോർട്‌സ് മന്ത്രാലയം സസ്‌പെന്റ് ചെയ്തു. 
2024 ന്റെ തുടക്കം അത്ര തന്നെ നാടകീയമാണ്. ബി.ജെ.പി എം.പിയായ ബ്രിജ്ഭൂഷൺ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സ്‌പോർട്‌സ് മന്ത്രാലയത്തെ വെല്ലുവിളിക്കുകയാണ്. സസ്‌പെൻഷൻ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാനുള്ള പുറപ്പാടിലാണ്. ജൂനിയർ ഗുസ്തി താരങ്ങളെ തെരുവിലിറക്കിയിട്ടുണ്ട്. രാഷ്ട്രീയം പൊടിപൊടിക്കുകയാണ്. ഇന്ത്യൻ ഗുസ്തിയെ ആര് രക്ഷിക്കുമെന്നതാണ് ചോദ്യം. 

സ്വപ്‌ന ദൂരം 
സാധ്യമായ എല്ലാ മത്സരങ്ങളും നീരജ് ചോപ്ര വിജയിച്ചു കഴിഞ്ഞു. ഇനി രണ്ടാം റൗണ്ടാണ്. പാരിസിൽ ഒളിംപിക്‌സ് സ്വർണം നിലനിർത്തുകയാണ് ഏറ്റവും പ്രധാന ലക്ഷ്യം. എല്ലാവർക്കും അതു മതി. എന്നാൽ നീരജിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഒപ്പം 90 മീറ്റർ എന്ന സ്വപ്‌നദൂരം പിന്നിടാനാവുമോ? പാരിസിൽ ജയിക്കണമെങ്കിൽ ആ ദൂരം താണ്ടേണ്ടി വന്നേക്കാം. അടുത്ത എതിരാളികളായ അർഷദ് നഈമും ആൻഡേഴ്‌സൻ പീറ്റേഴ്‌സനും കായികക്ഷമത വീണ്ടെടുക്കുകയാണെങ്കിൽ പ്രത്യേകിച്ചും. താൻ പൂർണ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്ന് യോഹാൻസ് വെറ്റർ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 97.76 മീറ്റർ വരെ എറിഞ്ഞിട്ടുണ്ട് ജർമൻകാരൻ. ടോക്കിയോ ഒളിംപിക്‌സിലെ തിരിച്ചടിക്ക് പകരം ചോദിക്കാൻ വെറ്റർ കച്ചകെട്ടിയിറങ്ങുമെന്നുറപ്പ്. 

സന്ധ്യയിലേക്കോ സിന്ധു
പി.വി. സിന്ധു കരിയറിന്റെ സായന്തനത്തിലാണോ, അതോ തിരിച്ചുവരവ് സാധ്യമോ?  രണ്ട് വ്യക്തിഗത ഒളിംപിക് മെഡലുകൾ നേടിയ രണ്ട് ഇന്ത്യക്കാരിലൊരാളാണ് സിന്ധു. പാരിസിൽ മെഡൽ നേടിയാൽ പുതുചരിത്രം പിറക്കും. ഇന്ത്യയുടെ ഒന്നാം നമ്പർ വനിതാ ബാഡ്മിന്റൺ താരത്തിന് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാനാവുമോയെന്നതാണ് ഏറ്റവും പ്രധാന ചോദ്യം. ഇപ്പോൾ പരിക്കുമായി വിട്ടുനിൽക്കുന്ന ഹൈദരാബാദുകാരിക്ക് ഒരുപാട് മെച്ചപ്പെടേണ്ടി വരും. ഇതുപോലുള്ള തിരിച്ചുവരവുകളാണ് സിന്ധുവിനെ സിന്ധുവാക്കിയത്. 

ലോകം കീഴടക്കി സെറീൻ
രണ്ട് ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം, കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ, ഏഷ്യൻ ഗെയിംസിൽ നിരാശപ്പെടുത്തിയെങ്കിലും വെങ്കലം... നിഖാത് സെറീന് വേണ്ടത് ഒളിംപിക് മെഡൽ എന്ന ഹിമാലയ ശൃംഗമാണ്. മൂന്ന് ഇന്ത്യൻ ബോക്‌സർമാരേ ഇതുവരെ ഒളിംപിക്‌സിൽ മെഡൽ നേടിയിട്ടുള്ളൂ -വിജേന്ദർ കുമാറും എം.സി മേരികോമും ലവ്‌ലിന ബോർഗഹൈനും. മൂന്നും വെങ്കലം. അവരെ മറികടക്കാൻ ഹൈദരാബാദുകാരിക്ക് സാധിക്കുമോ?  

ഖത്തറിൽ എത്ര വരെ?
ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ കുതിപ്പ് ആദ്യ റൗണ്ട് കടക്കുമോ? ഗ്രൂപ്പ് ബി-യിലെ നാലാമത്തെ ടീമാണ് ഇന്ത്യ. 2023 ൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. ഏഷ്യൻ കപ്പിൽ ആ പ്രകടനം ആവർത്തിക്കാനാവുമോ? 145 കളികളിൽ 93 ഗോളടിച്ച സുനിൽ ഛേത്രി വൈകാതെ ബൂട്ടഴിക്കും. അതിന് മുമ്പ് മൂന്നക്കത്തിലെത്താനാവുമോ? ആരാവും ഛേത്രിയുടെ വിടവ് നികത്തുക? ശിവശക്തി നാരാണനെയും കിയാൻ നസീരിയെയും പോലുള്ള യുവ സ്‌ട്രൈക്കർമാരിൽ ഐ.എസ്.എൽ ടീമുകൾ വിശ്വാസമർപ്പിക്കുമോ? 

ആനന്ദിനപ്പുറം
ചെസ് ലോക ചാമ്പ്യൻഷിപ്പിനുള്ള മത്സരത്തിൽ പങ്കെടുത്ത 12 പേരിൽ ഒരു ഇന്ത്യക്കാരനേയുള്ളൂ, വിശ്വനാഥൻ ആനന്ദ്. ഇത്തവണ മൂന്നു പേർ പരിഗണനയിലുണ്ട് -ആർ. പ്രജ്ഞനന്ദ, ഡി. ഗൂകേഷ്, വിദിത് ഗുജറാത്തി. അവരിലൊരാൾ ചൈനയുടെ ഡിംഗ് ലിറേനെ നേരിടാൻ അർഹത നേടുമോ? 97 വർഷത്തിനിടയിൽ വനിതാ ലോക ചാമ്പ്യൻഷിപ്പിനായി പൊരുതിയ ഒരേയൊരു ഇന്ത്യക്കാരി കൊണേരു ഹംപിയാണ്. ഹംപിയും ആർ. വൈശാലിയും ഇത്തവണ സാധ്യതാ പട്ടികയിലുണ്ട്. 

ലക്ഷ്യം കാണുമോ?
വലിയ പ്രതീക്ഷകളുമായി ടോക്കിയോ ഒളിംപിക്‌സിന് പോയി വെറുംകൈയുമായി വന്നവരാണ് ഇന്ത്യൻ ഷൂട്ടിംഗ് ടീം. ഫൈനലിൽ പോലുമെത്തിയത് ഒരാളാണ്. പാരിസ് ഒളിംപിക്‌സിനായി ഷൂട്ടർമാരും ബാഡ്മിന്റണിൽ സാത്-ചി സഖ്യവും ബോക്‌സർമാരും ഗുസ്തി താരങ്ങളും പ്രതീക്ഷയോടെ ഒരുങ്ങുന്നുണ്ട്. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ റെക്കോർഡായ 107 മെഡലുകൾ നേടി. ബേമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 61 മെഡലുകൾ സ്വന്തമാക്കി. ഒളിംപിക്‌സ് വേറെ നിലവാരത്തിലാണ്. ടോക്കിയോയിൽ ഏഴ് മെഡലാണ് ഇന്ത്യക്ക് ലഭിച്ചത്. പാരിസിൽ അത് മെച്ചപ്പെടുത്താനാവുമോ?

Latest News