അബുദാബി- യു.എ.ഇയുടെ യുവജന മന്ത്രിക്കായുള്ള അന്വേഷണം അവസാനിച്ചു. അത് മറ്റാരുമല്ല, ദേശീയ നായകനും ബഹിരാകാശയാത്രികനുമായ സുല്‍ത്താന്‍ അല്‍ നെയാദിയാണ്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തിലാണ് നെയാദിയുടെ നിയമനം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദുബായ് ഭരണാധികാരിയാണ് അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് സ്വദേശികള്‍ പ്രതികരിച്ചു.
'ആ വ്യക്തി യു.എ.ഇയെക്കുറിച്ച് അറിവുള്ളവനായിരിക്കണമെന്നും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധൈര്യവും ശക്തിയുമുളളയാളായിരിക്കണമെന്നും മാതൃരാജ്യത്തെ സേവിക്കുന്നതില്‍ അഭിനിവേശമുള്ളവനായിരിക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ശനിയാഴ്ച, യു.എ.ഇ വൈസ് പ്രസിഡന്റ് ആ പേര് വെളിപ്പെടുത്തി, നിരവധി നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചെങ്കിലും ഏറ്റവും കൂടുതലാളുകള്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചത് അല്‍നെയാദിയെയാണ്.
കഴിഞ്ഞ വര്‍ഷം ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം ഏറ്റെടുത്ത ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി എന്ന ബഹുമതി നേടിയയാളാണ് അദ്ദേഹം.