Sorry, you need to enable JavaScript to visit this website.

ട്രാഫിക് പിഴ അടക്കാന്‍ വ്യാജ കോളുകള്‍; ഇതൊരു പുതിയ തട്ടിപ്പാണ്, മുന്നറിയിപ്പ് നല്‍കി പോലീസ്

ദുബായ് - ട്രാഫിക് പിഴകള്‍ അടക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ കോളുകള്‍ക്കും എസ്.എം.എസ്സുകള്‍ക്കും ഇ-മെയിലുകള്‍ക്കുമെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാര്‍ വിരിക്കുന്ന കെണികള്‍ക്കെതിരെ ജാഗ്രത എല്ലാവരും പാലിക്കണം.
ദുബായ് പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ട് പിഴകള്‍ അടക്കാന്‍ ആവശ്യപ്പെടുന്ന പുതിയ തട്ടിപ്പ് രീതി അടുത്തിടെ ഉയര്‍ന്നുവന്നിട്ടുണ്ട്.
ട്രാഫിക് പിഴകള്‍ ഉടനടി അടക്കണമെന്ന് ആവശ്യപ്പെട്ട് പെയ്‌മെന്റിനുള്ള ലിങ്ക് ഉള്‍പ്പെടെ ദുബായിലെ നിരവധി പേര്‍ക്ക് ഇ-മെയിലോ എസ്.എം.എസ്സോ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുബായ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ളവരാണെന്ന വ്യാജേന തട്ടിപ്പുകാര്‍ നടത്തിയ നിരവധി കബളിപ്പിക്കല്‍ കേസുകള്‍ ദുബായ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലിങ്കുകള്‍ വഴി പെയ്‌മെന്റുകള്‍ നടത്താനും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം കോളുകളുമായും സന്ദേശങ്ങളുമായും പ്രതികരിക്കരുത്. അയച്ചയാളുടെ ഇ-മെയില്‍ വീണ്ടും പരിശോധിച്ച് അത് ദുബായ് പോലീസ് ഇ-ക്രൈം സെല്ലിലോ സോഷ്യല്‍ മീഡിയ ചാനലുകളിലോ റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ വിളിക്കണമെന്ന് ദുബായ് പോലീസ് പറഞ്ഞു.
ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നാണ് സന്ദേശം വരുന്നതെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതികരിക്കുന്നത് ഒഴിവാക്കാന്‍ പ്രയാസമാണ്. ഒരു ഗവണ്‍മെന്റ് അതോറിറ്റിയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സന്ദേശം യഥാര്‍ഥത്തില്‍ വ്യാജമാണോ എന്ന് എങ്ങിനെ തിരിച്ചറിയാന്‍ കഴിയുമെന്നതിനെ കുറിച്ച് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, വഞ്ചനാപരമായ സന്ദേശമായിരിക്കാമെന്നതിന്റെ ചില അടയാളങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. ഉടന്‍ പണമടക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശം, മോശം വ്യാകരണം, അക്ഷര പിശകുകളോടെ തെറ്റായി എഴുതിയ വാക്കുകള്‍, പെയ്‌മെന്റ് ലിങ്ക്, അതോറിറ്റിയുടെ പേര് പ്രദര്‍ശിപ്പിക്കാത്ത അജ്ഞാതമായ നമ്പറോ, ഐഡിയോ എന്നിവയെല്ലാം വഞ്ചനാപരമായ സന്ദേശമായിരിക്കാമെന്നതിന്റെ അടയാളങ്ങളാണ്.

 

Latest News