കേരള പോലീസില്‍ പുതിയ സൈബര്‍ ഡിവിഷന്‍ രൂപീകരിക്കുന്നു

തിരുവനന്തപുരം- കേരള പോലീസില്‍ പുതിയ സൈബര്‍ ഡിവിഷന്‍ രൂപീകരണത്തിന് അനുമതി.  ക്രൈംബ്രാഞ്ച്, വിജിലന്‍സ് മാതൃകയില്‍ പ്രത്യേക വിഭാഗമായി തന്നെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അംഗബലവും അനുവദിച്ച് ഉത്തരവിറങ്ങി.
തുടക്കമെന്ന നിലയില്‍ രണ്ട് എസ്.പിമാരുടെ നേതൃത്വത്തില്‍ നാല് ഡിവൈ.എസ.്പിമാരും 13 സി.ഐമാരും അടക്കം 466 പേരാകും സൈബര്‍ ഡിവിഷനില്‍ ഉണ്ടാകുക. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലെ ഹൈടെക് സെല്ലും സൈബര്‍ സ്റ്റേഷനും പര്യാപ്തമാകുന്നില്ല എന്ന പോലീസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്ത് ആസ്ഥാനത്തിന് പുറമെ ജില്ലകളിലും റേഞ്ച് തലങ്ങളിലും പുതിയ സൈബര്‍ ഡിവിഷന് ഓഫീസുകളുണ്ടാകും.
സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, നെറ്റ്‌വര്‍ക്ക് സുരക്ഷ, റിസ്‌ക് മാനേജ്മെന്റ്്, ഡിജിറ്റല്‍ ഫോറന്‍സിക് മുതലായ മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പുതിയ ഡിവിഷനിലേക്ക് ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ അനുമതി.
സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാകാത്ത വിധമാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. സൈബര്‍ ഓപ്പറേഷന്‍, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ സൈബര്‍ ഡിവിഷന്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കും.

 

Latest News