ജനപ്രതിനിധികളുടെ വീടുകളില്‍ റെയ്ഡ്; വന്‍തുകയും സ്വര്‍ണവും മദ്യവും പിടിയില്‍

ന്യൂദല്‍ഹി- ഹരിയാനയിലെ കോണ്‍ഗ്രസ് എം. എല്‍. എയുടെയും മുന്‍ എം. എല്‍. എയുടേയും വീട്ടില്‍ നടന്ന ഇ. ഡി റെയിഡില്‍ വന്‍ തുകയും മദ്യവും വെടിയുണ്ടകളും സ്വര്‍ണവും പിടികൂടി. അഞ്ചു കോടി രൂപ, 100 കുപ്പി മദ്യം, 300 വെടിയുണ്ടകള്‍, അഞ്ചു കിലോഗ്രാം സ്വര്‍ണക്കട്ടി എന്നിവയാണ് പിടിച്ചെടുത്തത്. 

കോണ്‍ഗ്രസ് എം. എല്‍. എ സുരേന്ദര്‍ പന്‍വാര്‍, ഇന്ത്യന്‍ നാഷനല്‍ ലോക് ദള്‍ മുന്‍ എം. എല്‍. എ ദില്‍ബാഗ് സിങ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്.

നിയമവിരുദ്ധമായി ഖനനം നടത്തിയെന്ന കേസിലാണ് ഇരുവരുടെയും വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇതിനു പുറമേ യമുന നഗര്‍, സോനിപത്ത്, മൊഹാലി, ഫരീദാബാദ് തുടങ്ങി 20 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ഇരുവരും ചേര്‍ന്ന് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2013ല്‍ ഇവര്‍ക്കെതിരെ കള്ളപ്പണ ഇടപാടിനും കേസെടുത്തിരുന്നു.

Latest News