Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'അഴിഞ്ഞാട്ടക്കാരികൾ'; ഉമർ ഫൈസിക്കെതിരായ കേസ് മുസ്‌ലിം സ്ത്രീകളുടെ വിജയമെന്ന് വി.പി സുഹറ

കോഴിക്കോട് - സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ അംഗം മുക്കം ഉമർ ഫൈസിക്കെതിരെ പോലീസ് കേസെടുത്തത് മുസ്‌ലിം സ്ത്രീകളുടെ വിജയമാണെന്ന് സാമൂഹ്യ പ്രവർത്തകയും നിസയുടെ പ്രസിഡന്റുമായ വി.പി സുഹറ. മുസ്‌ലിം സ്ത്രീകൾ ആത്മാഭിമാനം ഉള്ളവരാണെന്നും ഇനി ഒരാളും 'അഴിഞ്ഞാട്ടക്കാരി' പോലുള്ള പരാമർശം ആവർത്തിക്കരുതെന്നും സുഹറ പറഞ്ഞു. 
 പരാതി കൊടുത്തെങ്കിലും പോലീസ് കേസെടുക്കാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നുവെന്നും ഇത് തട്ടത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മൗലികവകശ പ്രശ്‌നം കൂടിയാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒക്‌ടോബറിലാണ് വി.പി സുഹറ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പിന്നീട് നല്ലളം സ്‌കൂളിൽ നടന്ന കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ തട്ടം ഊരി ഇവർ പ്രതിഷേധിച്ചതും വാർത്തയായിരുന്നു.
 മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഉമർ ഫൈസിക്കെതിരെ പോലീസ് കേസെടുത്തത്. ഐ.പി.സി 295എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയത്. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. 
 മലപ്പുറത്ത് മുസ്‌ലിം സ്ത്രീകൾ തട്ടമിടാത്തത് തങ്ങളുടെ നേട്ടമാണെന്ന സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ. അനിൽ കുമാറിന്റെ തട്ടം വിവാദ പ്രസ്താവനയുടെ ചുവടുപിടിച്ച് ഉമർ ഫൈസി ഒരു ടെലിവിഷൻ ചർച്ചയിൽ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരമായത്. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നു വിളിച്ചെന്നു ചൂണ്ടിക്കാട്ടിയും ഇസ്‌ലാമിനെ ഫൈസി അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടി കേസ് എടുക്കണമെന്നായിരുന്നു പരാതി.
 

Latest News