രാസ്ത; റൂബുല്‍ ഖാലിയിലേക്ക് നയിക്കുന്ന പാതകള്‍

പ്രവാസ ജീവിതം നയിക്കുന്നവരുമായി പെട്ടെന്ന് സംവദിക്കുന്ന ചിത്രമായിരിക്കും അനീഷ് അന്‍വര്‍ സംവിധാനം നിര്‍വഹിച്ച രാസ്ത. ഒമാനിലെ പ്രവാസ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളോടൊപ്പം തന്റെ ഉമ്മയെ തേടിയെത്തുന്ന തലശ്ശേരിക്കാരി പെണ്‍കുട്ടിയുടെ കഥകൂടി ചേര്‍ത്തുവെച്ചപ്പോള്‍ രാസ്ത പൊള്ളുന്ന അനുഭവമായി- റൂബുല്‍ ഖാലിയിലെ ചൂടും പൊടിക്കാറ്റും പ്രേക്ഷകനും അനുഭവിച്ചിട്ടുണ്ടാകും. 

ഒമാന്‍- സൗദി അറേബ്യ അതിര്‍ത്തിയില്‍ മരുഭൂമിയില്‍ പെട്ടുപോകുന്ന മൂന്ന് മലയാളികളും ഒരു ഒമാനിയുമാണ് രാസ്ത മുമ്പോട്ടു കൊണ്ടുപോകുന്നത്. മലയാളികളായ ഫൈസലായി സര്‍ജാനോ ഖാലിദും മുജീബായി സംവിധായകന്‍ അനീഷ് അന്‍വറും ഷാഹിനയായി അനഘ നാരായണനും വേഷമിട്ടപ്പോള്‍ ഒമാന്‍ പൗരനായ ഖമീസ് അല്‍ റവാഹിയാണ് ഖാലിദെന്ന ഒമാനിയുടെ വേഷത്തിലെത്തിയിരിക്കുന്നത്. 

ആദ്യപകുതിയുടെ സാധാരണ രംഗങ്ങളും തമാശകളുമെല്ലാം ചേര്‍ന്ന് അതിസാധാരണമായി കടന്നുപോകുന്ന സിനിമ രണ്ടാം പകുതിയാണ് തിയേറ്റര്‍ അനുഭവം പൂര്‍ണമായും നല്‍കുക. റൂബുല്‍ ഖാലിയില്‍ അകപ്പെട്ടു പോകുന്ന സംഘത്തിന്റെ ഓരോ മണിക്കൂറും നഗരത്തില്‍ നിന്നുള്ള അകലവും രേഖപ്പെടുത്തി വീണ്ടും വീണ്ടും അവര്‍ മരുഭൂമിയുടെ അപകടകരമായ അകത്തേക്ക് സഞ്ചരിക്കുന്നത് നെഞ്ചിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല. 

മരുഭൂമിയുടെ വിഷത്തേളും പാമ്പുമൊക്കെ ഒറ്റ രംഗത്ത് വരുന്നുണ്ടെങ്കിലും അവയിലേക്കൊന്നും കൂടുതല്‍ ഫോക്കസ് ചെയ്തിട്ടില്ല. പകരം മരുഭൂമിയില്‍ അകപ്പെടുന്ന നാല് മനുഷ്യരുടെ നെഞ്ചിടിപ്പിലേക്കും നാലുപേരെ കാണാതായത് എവിടെയെന്നറിയാതെ കഴിയുന്ന പുറംലോകത്തെ ബന്ധപ്പെട്ടവരുടെ ആകുലതകളുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

നേരിയ വിഷാദഛായയുള്ള സംഗീതവും അതുപോലൊരു കാഴ്ചയുമായി സിനിമ അവസാനിക്കുമ്പോള്‍ ചെറിയൊരു പൊള്ളല്‍ നെഞ്ചില്‍ തൊട്ടേക്കും. 

പൂര്‍ണമായും ഒമാനിലാണ് രാസ്ത ചിത്രീകരിച്ചിരിക്കുന്നത്. 2011ല്‍ നടന്ന യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ഈ സിനിമ എഴുതിയിരിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് നാട്ടില്‍ നിന്നും ഒമാനിലേക്ക് മടങ്ങിയ ഫാത്തിമയെന്ന അറബി വീട്ടിലെ ജോലിക്കാരി ഉമ്മയെ തേടിയെത്തുന്ന ബിടെക് ബിരുദധാരിയായ ഷഹാനയും അവളെ സഹായിക്കുന്ന ഏതാനും ഒമാനി മലയാളികളുടേയും കഥയാണിത്. 

കുടുംബത്തിന് വേണ്ടി കടല്‍ കടന്നെത്തി പതിറ്റാണ്ടുകളോളം അധ്വാനിച്ചിട്ടും ഒടുവില്‍ 'വെറും' പ്രവാസി മാത്രമായിപ്പോകുന്ന ടി ജി രവിയുടെ ഭരതേട്ടനെ പോലുള്ളവരേയും ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. 

ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. 
 

Latest News