ദുബായ്- ഫലസ്തീന്‍ പ്രവാസി അംജദിന് ഈ മാസം 44 വയസ്സ് തികയുകയാണ്, ഭാര്യയെയും ഏഴ് കുട്ടികളെയും യു.എ.ഇയിലേക്ക് കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹം.
അദ്ദേഹത്തിന്റെ ഫിലിപ്പിനോ ഭാര്യ മാര്‍ലിന്‍ (45), അവരുടെ 15, 13, 11, 9, 7, 5, 3 വയസ്സ് പ്രായമുള്ള കുട്ടികളും ഇപ്പോള്‍ ഫിലിപ്പീന്‍സിലാണ്. നവംബറില്‍ യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ നിന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഒഴിപ്പിച്ചവരില്‍ ഇവരും ഉള്‍പ്പെടുന്നു.
കുടിയൊഴിപ്പിക്കപ്പെട്ട മറ്റ് കുടുംബങ്ങളെപ്പോലെ, മര്‍ലിനും അവളുടെ കുട്ടികള്‍ക്കും ഫിലിപ്പീന്‍സ് സര്‍ക്കാരില്‍നിന്ന് ഏകദേശം 1,400 ഡോളര്‍ ധനസഹായം ലഭിച്ചു. രണ്ടുദിവസം ഹോട്ടലുകളില്‍ താല്‍ക്കാലികമായി പാര്‍പ്പിച്ചെങ്കിലും പിന്നീട് താമസസൗകര്യം തേടേണ്ടിവന്നു.
ഫിലിപ്പൈന്‍-ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (പിപിഎഫ്എ) അംഗങ്ങള്‍ മര്‍ലിനേയും മക്കളേയും സഹായിക്കുന്നു. അവര്‍ മനിലക്ക് പുറത്തുള്ള സ്ഥലത്ത് ഒരു മുറിവാടകക്കെടുത്താണ് താമസിക്കുന്നത്. കൈയിലുള്ള പണം തീര്‍ന്നതായി മര്‍ലിന്‍ പറഞ്ഞു.
കുട്ടികള്‍ ഇപ്പോഴും യുദ്ധത്തിന്റെ ആഘാതത്തിലാണ് - മര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു: '' ഇലക്ട്രിക് ഫാനിന്റെ ശബ്ദം പോലും രാത്രിയില്‍ എന്റെ കൊച്ചു മക്കളെ കണ്ണീരിലാഴ്ത്തി, കാരണം അത് ഡ്രോണുകളുടെ ശബ്ദം പോലെയായിരുന്നു. എന്റെ രണ്ടാമത്തെ കുട്ടിയും അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു കരയും. പടക്കങ്ങളും വിമാനങ്ങളുടെ ശബ്ദവും അവര്‍ ഭയപ്പെടുന്നു.
മധ്യ ഗാസ മുനമ്പിലെ ദേര്‍ അല്‍-ബാല എന്ന നഗരത്തില്‍, ഇസ്രായില്‍ ആക്രമണം രൂക്ഷമാക്കിയപ്പോള്‍, മര്‍ലീനും മക്കളും അവളുടെ അമ്മായിയമ്മമാരോടൊപ്പം താമസിക്കുകയായിരുന്നു. കനത്ത ബോംബാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട്, അവര്‍ ധരിച്ചിരുന്ന വസ്ത്രം മാത്രമായി വീട് വിട്ടു.