കേരളത്തിലെ പ്രളയ ദുരിതം: അബുദബി കിരീടവകാശി പ്രധാനമന്ത്രി മോഡിയുമായി ഫോണില്‍ സംസാരിച്ചു

അബുദബി- കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് യുഎഇ സൈന്യത്തിന്റെ ഡെപ്യുട്ടി സുപ്രീം കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. ഇപ്പോള്‍ നടന്നു വരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുഎഇയുടെ ഭാഗത്തു നിന്ന് എല്ലാ സഹായങ്ങളും വാദ്ഗാനം നല്‍കിയതായി ശൈഖ് മുഹമ്മദ് അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ള സൗഹൃദമാണെന്നും പ്രളയദുരന്തത്തില്‍ നിന്നും കരകയറാന്‍ ഏതു സഹായം നല്‍കാനും യുഎഇ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. സഹായവാഗ്ദാനങ്ങള്‍ക്ക് പ്രധാനമന്ത്രി മോഡി നന്ദി അറിയിക്കുകയും യുഎഇയുടെ ഇടപെടലിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ പ്രതിഫലനമാണ് യുഎഇയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

Latest News