കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് മാതൃക ഗള്‍ഫ്; ടെസ്റ്റുകള്‍ കര്‍ശനമാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം- ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ ഇനി കര്‍ശനമായിരിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. എച്ച് മാത്രം എടുത്തു കാണിക്കുന്നതില്‍ കാര്യമില്ലെന്നും പാര്‍ക്കിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ്, കയറ്റത്തില്‍ നിര്‍ത്തി എടുക്കുന്നത് തുടങ്ങി എല്ലാം ചെയ്തു കാണിച്ചാല്‍ മാത്രമേ ലൈസന്‍സ് നല്‍കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

തനിക്ക് ഗള്‍ഫിലെ ലൈസന്‍സ് ഉണ്ടെന്നും അവിടെ ഡ്രൈവിംഗ് ടെസ്റ്റ് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 500 ലൈസന്‍സുകള്‍ നല്‍കി ഗിന്നസ് ബുക്കില്‍ കയറേണ്ടതില്ലെന്നും നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുവെന്ന പരാതി ഒഴിവാക്കാനാണ് ഈ നിര്‍ദ്ദേശം. 

കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്തുണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. എളുപ്പത്തില്‍ ലൈസന്‍സ് ടെസ്റ്റ് പാസ്സാകുന്നതുകൊണ്ടാണ് ലൈസന്‍സ് എടുത്തിട്ടും വാഹനമോടിക്കാത്തവര്‍ പെരുകുന്നതെന്നും മന്ത്രി പറഞ്ഞു.

Latest News