Sorry, you need to enable JavaScript to visit this website.

വേഗത്തിൽ മാലിന്യം ശേഖരിക്കാൻ 7000 സ്മാർട്ട് ബിന്നുകൾ

ദോഹ- ഖത്തറില്‍ വേഗത്തിലുള്ള മാലിന്യ ശേഖരണത്തിനായി 7,000 സ്മാര്‍ട്ട് ബിന്നുകള്‍ സ്ഥാപിച്ച് മുനിസിപ്പല്‍ മന്ത്രാലയം. ഏറ്റവും പുതിയ ഡിജിറ്റല്‍ സൊല്യൂഷനുകള്‍ സ്വീകരിച്ച് ഖത്തറിനെ ലോകോത്തര സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള  ശ്രമത്തിന്റെ ഭാഗമായാണ് കാര്യക്ഷമമായ മാലിന്യ ശേഖരണവും സംസ്‌കരണ സംവിധാനവും ഏർപ്പെടുത്തുന്നത്. 

മുനിസിപ്പാലിറ്റി മന്ത്രാലയം 7,000 കണ്ടെയ്നറുകളിലും 1000 വാഹനങ്ങളിലും ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി  പ്രോജക്ട് ആന്‍ഡ് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടര്‍ സുലൈമാന്‍ അല്‍ അബ്ദുല്ല പറഞ്ഞു. 2023 ലെ മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് സംവിധാനത്തിലൂടെ കണ്ടെയ്നറുകള്‍, ക്ലീനിംഗ് വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നതെന്നും പദ്ധതിയുടെ 90 ശതമാനത്തോളം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കീഴില്‍ 7,000 മാലിന്യ പാത്രങ്ങളിലും 1,000 ക്ലീനിംഗ് വാഹനങ്ങളിലും ട്രാക്കിംഗ് സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്- അല്‍ അബ്ദുല്ല പറഞ്ഞു.

സെന്‍സറുകള്‍ മാലിന്യ പാത്രങ്ങളിലെ മാലിന്യത്തിന്റെ അളവ് അളക്കുകയും മാലിന്യത്തിന്റെ അളവും അവസാന ശേഖരണവും സംബന്ധിച്ച വിവരങ്ങള്‍ ഒരു ഡാറ്റാ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് അയക്കുകയും ചെയ്യുന്നു. വാഹനങ്ങള്‍ നിറയാറായതും നിറഞ്ഞുകവിഞ്ഞതുമായ കണ്ടെയ്നറുകള്‍ മാത്രമേ ശേഖരിക്കൂ.

മുനിസിപ്പാലിറ്റി മന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ എക്സലന്‍സ് കമ്മിറ്റി രൂപീകരിച്ച് മന്ത്രാലയം ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അല്‍ അബ്ദുല്ല പറഞ്ഞു.

പൊതുജനങ്ങള്‍ക്കും എല്ലാ മേഖലകളിലെയും ഗുണഭോക്താക്കള്‍ക്കും ക്രിയാത്മകമായ സ്മാര്‍ട്ട് സെല്‍ഫ് സര്‍വീസുകള്‍ നല്‍കുന്നതിനായി ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ നാനൂറോളം സേവനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ മറ്റൊരു പ്രധാന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ 400 സര്‍വീസുകളില്‍ 65 എണ്ണം പൂര്‍ത്തിയായിട്ടുണ്ടെന്നും ബാക്കിയുള്ള സര്‍വീസുകള്‍ 2024ല്‍ പൂര്‍ത്തിയാക്കാനാകുമെന്നും അല്‍ അബ്ദുല്ല പ്രത്യാശ പ്രകടിപ്പിച്ചു.

ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം ദേശീയ തലത്തിലുള്ള എല്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ക്കുമായി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയുള്ള സമഗ്രമായ ഒരു ഡാറ്റാബേസ് സജ്ജീകരിക്കുന്നു.

ആധുനിക ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി രാജ്യത്തെ എല്ലാ സേവന, ആസൂത്രണ ഏജന്‍സികള്‍ക്കും ഡാറ്റാബേസ് നല്‍കാനും ഇത് പ്രവര്‍ത്തിക്കുന്നു.

ഡിജിറ്റല്‍ പരിവര്‍ത്തനവും സജീവമായ സ്മാര്‍ട്ട് സെല്‍ഫ് സര്‍വീസുകളുടെ പ്രൊവിഷനും മുനിസിപ്പാലിറ്റികള്‍, നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പൊതു സേവനങ്ങള്‍, സംയുക്ത സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്നുവെന്ന് മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പൊതു ശുചീകരണ വകുപ്പ് ഉറവിടത്തില്‍ വേര്‍തിരിക്കുന്ന വേസ്റ്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തില്‍ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വെവ്വേറെ സംസ്‌കരിക്കുന്നതിന് പല പ്രദേശങ്ങളിലെയും വീട്ടുകാര്‍ക്ക് കണ്ടെയ്‌നറുകള്‍ നല്‍കിയിട്ടുണ്ട്.

ഗ്ലാസ്, പ്ലാസ്റ്റിക്, കടലാസുകള്‍, ലോഹങ്ങള്‍ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കള്‍ക്കാണ് നീല നിറത്തിലുള്ള കണ്ടെയിനറുകള്‍. ചാരനിറത്തിലുള്ള കണ്ടെയിനറുകള്‍ ഭക്ഷണ പാഴ് വസ്തുക്കളും ശുചീകരണ സാമഗ്രികളുമാണ്.

ആദ്യം ദോഹയില്‍ നടപ്പാക്കുന്ന മാലിന്യം വേര്‍തിരിക്കല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം 2025 വരെ രണ്ട് വര്‍ഷത്തോളം നീണ്ടുനില്‍ക്കുകയും എല്ലാ വീടുകളും ഉള്‍ക്കൊള്ളുകയും ചെയ്യും.

 

Latest News