മാടശ്ശേരി മനയുടെ ഇതിഹാസ കഥയുമായി  കെടാവിളക്ക് ചിത്രീകരണം ആരംഭിച്ചു

കൊച്ചി- യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി. ബി. കഥ എഴുതി നിര്‍മ്മിച്ച ചിത്രമാണ് കെടാവിളക്ക്. നവാഗതനായ ദര്‍ശന്‍ ചിത്രം സംവിധാനം ചെയ്യുന്നു. 

ബിബിന്‍ പോലുക്കര, ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട് എന്നിവരാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സംഭാഷണം രചിച്ചിരിക്കുന്നത് ജീവ, ബിപിന്‍ പോലുക്കര എന്നിവരാണ്. ഡി. ഒ. പി: തമ്പി സ്വാതികുമാര്‍.

യുവനായകന്‍ പുതുമുഖം പാര്‍ത്ഥിപ് കൃഷ്ണനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം സനീഷ് മേലെപാട്ട് നായകനാകുന്ന ചിത്രത്തില്‍ നായികമാരായി പുതുമുഖം ഭദ്ര, ആതിര എന്നിവരെത്തുന്നു. ദേവന്‍ ഗൗരവ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെലാഷ്, ശിവജി ഗുരുവായൂര്‍, ലിഷോയ്, സുനില്‍ സുഗത, സുധീര്‍ (ഡ്രാക്കുള) നന്ദകിഷോര്‍, മനുമോഹിത്. മഞ്ജു സതീഷ്, ആശ, നിരാമയ്, ഗംഗാലക്ഷ്മി  എന്നിവരെ കൂടാതെ സംവിധായകന്‍ വിജി തമ്പി, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര എന്നിവരും അഭിനയിക്കുന്നു.

പ്രശസ്തവും പുരാതനവുമായ മാടശ്ശേരി മനയും അതിനെ ചുറ്റിപ്പറ്റിയുള്ള വര്‍ഷങ്ങളായുള്ള കുടിപ്പകയുടെയും പശ്ചാത്തലത്തില്‍ ആണ് കഥയുടെ ഇതിവൃത്തം. തൃശൂര്‍ മറ്റം ആളൂര്‍ വടക്കന്‍പാട്ട് മനയാണ് പ്രധാന ലൊക്കേഷന്‍. കൂടാതെ പാലക്കാട് പരിസര പ്രദേശങ്ങളുമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് കൂടാതെ സോപാന സംഗീതം രചിച്ചിരിക്കുന്നത് യതീന്ദ്ര ദാസാണ്. ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മോഹന്‍ സിത്താര, സജീവ് കൊണ്ടൊര്, പി ഡി തോമസ്. ഒരു തമിഴ് ഗാനം ഗോകുല്‍ പണിക്കര്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. പി. ആര്‍. ഒ- എം. കെ. ഷെജിന്‍.

Latest News