തിരുവനന്തപുരം - പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിക്കുന്നത് വരെ സര്‍ക്കാറുമായി സഹകരിക്കില്ലെന്ന് കെ സി ബി സി. പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍ വിശദീകരണം നല്‍കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. അതുവരെ കെ സി ബി സി സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. സജി ചെറിയാന്റെ വാക്കുകള്‍ക്ക് ആദരവില്ല. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാല്‍ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. നിലപാട് ശക്തമായി തന്നെ സര്‍ക്കാരിനെ അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാക്കോബായ സഭയും സജി ചെറിയാനെതിരെ രംഗത്തെത്തിയിരുന്നു.






