Sorry, you need to enable JavaScript to visit this website.

'കുത്തിത്തിരിപ്പും വ്യക്തി ഹത്യയുമല്ല'; മുതുകാടിന് എതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

കൊച്ചി - പ്രശസ്ത മജീഷ്യനും സാമൂഹ്യപ്രവർത്തകനും പ്രചോദന പ്രാസംഗികനുമായ ഗോപിനാഥ് മുതുകാടിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരണവുമായി കേരള ഹൈക്കോടതിയിലെ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ.   ഗോപിനാഥ് മുതുകാടിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഞാൻ ആളല്ലെന്നും എന്നാൽ, അദ്ദേഹത്തിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ടുയർന്ന ന്യായമായ സംശയങ്ങൾ ദൂരീകരിക്കണമെന്നും ക്രൗഡ് സോഴ്‌സ് ഫണ്ടിംഗ് അടക്കമുള്ളവ സുതാര്യമാണെന്ന് ഉറപ്പാക്കണമെന്നും അഡ്വ. ഹരീഷ് വാസുദേവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
 എന്നാൽ, ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കാനും മറ്റുമുള്ള മുതുകാടിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. ഒപ്പം, ഫണ്ട് വന്നതും പോയതുമെല്ലാം കൃത്യമായി പൊതുസമൂഹത്തിന് ലഭ്യമാവണം. ഫിറോസ് കുന്നും പറമ്പിലായാലും ഗോപിനാഥ് മുതുകാട് ആയാലും ഇനി ഇങ്ങനെ ആരൊക്കെ പൊതു സാമൂഹ്യപ്രവർത്തനം നടത്തുന്നുവോ അവർക്കെല്ലാം ഇത് ബാധകമാവണം എന്നാണ് എന്റെ പക്ഷം. 
 മുതുകാടിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നതോടൊപ്പം തന്നെ ഭിന്നശേഷി കുട്ടികളെ നോക്കേണ്ടത് രക്ഷിതാക്കളുടെ മാത്രമല്ല, സർക്കാറിന്റെ കൂടി ഉത്തരവാദിത്തമാണെന്നു നാം മറന്നുപോകരുത്. ഒപ്പം സർക്കാർ ഫണ്ട് സുതാര്യമായി ദുസ്സ്വാധീനങ്ങൾക്കു വഴങ്ങാതെ, നീതിപൂർവ്വമാണോ വിനിയോഗിച്ചതെന്ന് അടക്കമുള്ള കാര്യങ്ങളിലും വ്യക്തതയുണ്ടാവണം.
 താൻ കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടപ്പോൾ ഒട്ടേറെ പേർ വിളിച്ചുവെന്നും അതൊരു ജനുവിൻ ഇഷ്യൂ ആണെന്ന് മനസ്സിലായെന്നും പറഞ്ഞ ഹരീഷ് വാസുദേവൻ, ഗോപിനാഥ് മുതുകാടും വിളിച്ചു സംസാരിച്ചുവെന്നും അദ്ദഹം ആർട്ട് സെന്റർ സന്ദർശിക്കാനും കണക്കുകൾ നോക്കാനും ക്ഷണിച്ചതായും പറഞ്ഞു. തീർച്ചയായും ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി അക്കാര്യങ്ങൾ പരിശോധിക്കാമെന്നും അതോടൊപ്പം ഇത്തരം കാര്യങ്ങളിൽ പൊതു ഡൊമൈനിൽ പരിശോധിക്കാൻ സാധിക്കുംവിധം കണക്കുകൾ സുതാര്യമാകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അതിന് സമ്മതിച്ചതായും വക്കീൽ വെളിപ്പെടുത്തി.
 'എന്റെ പോസ്റ്റ് ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെന്തോ വലിയ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ആയിരുന്നില്ല. മറിച്ച്, ഭിന്നശേഷി കുട്ടികൾക്കായി സർക്കാർ എത്ര പണമായാലും അത് ചെലവഴിക്കുമ്പോൾ ഗുണഭോക്താവായി ആരെ തെരഞ്ഞെടുക്കുന്നു എന്നതിന് കൃത്യമായ മാനദണ്ഡം വേണം എന്നതാണ്. അതിൽ സർക്കാരിന്റെ ഓഡിറ്റിംഗും സുതാര്യതയും വേണമെന്നതാണ്. പ്രതിപക്ഷവും മാധ്യമങ്ങളും അത് ആവശ്യപ്പെടണം എന്നാണ്. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് സർക്കാരിനൊരു നയവും നിലപാടും പ്രയോരിറ്റികളും ബ്ലാക്ക് ആന്റ് വൈറ്റ് ആയി ഉണ്ടാകേണ്ടതാണ്. അത് സ്റ്റേറ്റ് ഹെൽത്ത് പോളിസിയുടെ ഭാഗമാക്കേണ്ടതുമാണ്. പൊതുപ്രശ്‌നമെന്ന നിലയ്ക്ക് പൊതുസമൂഹത്തിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി ഭിന്നശേഷിക്കാർക്കായി പല സേവനങ്ങൾ ചെയ്യുന്നവരെയും ഓഡിറ്റിംഗിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ഇതൊരു എഫ്.ബി പോസ്റ്റിനപ്പുറം നിയമപരമായ ഇടപെടൽ നടത്തണം എന്നാണ് എന്റെ തീരുമാനം. അക്കാര്യം പിന്നീട് അറിയിക്കാമെന്നും എന്നാലത് നിലവിൽ സ്വകാര്യ സാമ്പത്തിക സഹായം കിട്ടുന്ന ആർക്കും വിലങ്ങുതടി ആകാതിരിക്കുകയും ചെയ്യാനുള്ള ജാഗ്രത ഞാനെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 എന്നാൽ, ഹരീഷ് ഉൾപ്പെടെയുള്ളവരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഗോപിനാഥ് മുതുകാട് ഒരു വീഡിയോ സന്ദേശത്തിൽ ആരോപണത്തിന്  ഇന്ന് മറുപടി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ആർക്കും തന്റെ സ്ഥാപനത്തിലേക്ക് വരാമെന്നും ഗേറ്റ് തുറന്നിട്ടതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന DAC യ്ക്ക് 2 കോടിയിലധികം രൂപ സർക്കാർ ധനസഹായം നൽകിയിട്ടുണ്ട് എന്ന വിവരാവകാശ രേഖ പ്രസിദ്ധീകരിച്ച Chtira Cr ന്റെ ഒരു പോസ്റ്റ് ഇന്നലെരാത്രി ഞാൻ ഷെയർ ചെയ്തിരുന്നു. ഓട്ടിസ്റ്റിക്കായ കുട്ടികൾക്ക് പ്രതിമാസം 800 രൂപയുടെ സ്‌കീം പോലും മര്യാദയ്ക്ക് കിട്ടുന്നില്ലെന്ന പരാതി Preetha GP ഒക്കെ നേരത്തേ ഉന്നയിക്കുന്ന സാഹചര്യത്തിലാണ്, മുതുകാടിന്റെ സ്ഥാപനത്തിന് ഇത്രയും പൊതുപണം കൊടുക്കുന്നതിന്റെ മാനദണ്ഡവും ഓഡിറ്റിങ്ങും സർക്കാരിനോടും പ്രതിപക്ഷത്തോടും ആവശ്യപ്പെട്ട് ഞാനാ പോസ്റ്റ് ഷെയർ ചെയ്തത്. 
I still do stand with it.
കിട്ടുന്ന പണത്തിനു കൃത്യമായ ഓഡിറ്റ് ഉണ്ടെന്നും, 100 കോടിയുടെ പ്രൊജക്ടിൽ ചെറിയൊരു ശതമാനം മാത്രമാണ് സർക്കാരിന്റെ സഹായമെന്നും  ആ ഓഡിറ്റ്‌റിപ്പോർട്ട് കാണിക്കുന്നതിന് ഒരുവിരോധവും ഇല്ലെന്നും DAC യിൽ വരണമെന്നും ബോധ്യമാകുന്ന കാര്യങ്ങൾ സമൂഹത്തെ അറിയിക്കണമെന്നും മുതുകാട് എന്നെ വിളിച്ചറിയിച്ചു. എന്നെയല്ല, പൊതുസമൂഹത്തെ അത് ബോധ്യപ്പെടുത്തുന്ന സുതാര്യത ഉണ്ടാകണമെന്നും റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ വെബ്‌സൈറ്റിൽ ഇടണമെന്നും ഞാൻ ആവശ്യപ്പെട്ടതിനോട് അനുകൂലമായിരുന്നു പ്രതികരണം.
ഡിഫറന്റ്‌ലി ഏബിൾഡ് ആയ കുട്ടികളുടെ വലിയൊരു സ്‌പെക്ട്രം നമുക്ക് ചുറ്റുമുണ്ട്. ചെറിയ നിലയ്ക്കുള്ള പ്രശ്‌നങ്ങളുള്ള കുറച്ചു കുട്ടികൾക്കുള്ള DAY CARE സെന്റർ എന്ന നിലയിലും കലപ്രദർശിപ്പിക്കാനുള്ള  ഇടമായും ആണ് DAC ശ്രദ്ധ നേടിയത്. എന്നാൽ ഭൂരിപക്ഷം ഓട്ടിസ്റ്റിക് കുട്ടികളുടെ കാര്യവും അതല്ല. മാതാപിതാക്കൾക്ക് തീരാഭാരമാണവർ. പലപ്പോഴും അമ്മമാർക്ക് മാത്രം ഭാരം. ആ വലിയ പ്രശ്‌നത്തിനു DAC മോഡലല്ല പരിഹാരം എന്നാണ് ആ അമ്മമാരുടെ അനുഭവം, അങ്ങനെ വരുമ്പോൾ DAC യെക്കാളും അർഹരായ എത്രയോ പേരെ തഴഞ്ഞാണ് സർക്കാരിന്റെ സഹായം. അതേപ്പറ്റി പിന്നീട് പറയാം.
എന്റെ പോസ്റ്റ് ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെന്തോ വലിയ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ആയിരുന്നില്ല. മറിച്ച്, ഭിന്നശേഷി കുട്ടികൾക്കായി സർക്കാർ എത്ര പണമായാലും അത് ചെലവഴിക്കുമ്പോൾ ഗുണഭോക്താവായി ആരെ തെരഞ്ഞെടുക്കുന്നു എന്നതിന് കൃത്യമായ മാനദണ്ഡം വേണം എന്നതാണ്. അതിൽ സർക്കാരിന്റെ ഓഡിറ്റിംങ്ങും സുതാര്യതയും വേണമെന്നതാണ്. പ്രതിപക്ഷവും മാധ്യമങ്ങളും അത് ആവശ്യപ്പെടണം എന്നാണ്. 
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് സർക്കാരിനൊരു നയവും നിലപാടും പ്രയോരിറ്റികളും Black and white ആയി ഉണ്ടാകേണ്ടതാണ്, അത് സ്റ്റേറ്റ് ഹെൽത്ത് പോളിസിയുടെ ഭാഗമാക്കേണ്ടതുമാണ്. പൊതുപ്രശ്‌നമെന്ന നിലയ്ക്ക് പൊതുസമൂഹത്തിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി ഭിന്നശേഷിക്കാർക്കായി പല സേവനങ്ങൾ ചെയ്യുന്നവരെയും ഓഡിറ്റിംഗിന്റെ പരിധിയിലിൽ കൊണ്ടുവരണം. ചാരിറ്റി ക്രൗഡ് ഫണ്ടിങ് ഓഡിറ്റ് ചെയ്യപ്പെടണമെന്നു പറഞ്ഞത് ഞാനല്ല കേരളാ ഹൈക്കോടതിയാണ്. 
ഈ വിശാലമായ പ്രശ്‌നത്തെ മുതുകാടിന്റെ സ്ഥാപനത്തിലേക്ക് ചുരുക്കി എഴുതിയത് കൊണ്ടാവണം സുഹൃത്തുക്കളിൽ പലർക്കും അത് വ്യക്തിഹത്യയായും, കുത്തിത്തിരിപ്പായും തോന്നിയത്. ഇക്കാര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റിനപ്പുറമുള്ള നിയമപരമായ ഇടപെടൽ നടത്തണം എന്നാണ് എന്റെ തീരുമാനം. അക്കാര്യം പിന്നീട് അറിയിക്കാം. എന്നാലത് നിലവിൽ സ്വകാര്യ സാമ്പത്തികസഹായം കിട്ടുന്ന ആർക്കും വിലങ്ങുതടി ആകാതിരിക്കുകയും ചെയ്യാനുള്ള ജാഗ്രത ഞാനെടുക്കുന്നു.
എന്റെ ബോധ്യത്തിനപ്പുറമുള്ള വ്യക്തിപരമായ ആരോപണങ്ങൾ ഞാൻ ഷെയർ ചെയ്ത പോസ്റ്റിൽ ഉള്ളതുകൊണ്ട് ഞാനാ ഷെയർ നീക്കം ചെയ്തു. ചിത്രയുടെയും പ്രീതയുടെയും വാളിൽ ആ പോസ്റ്റുകൾ ഉണ്ട്. അവരുടെ അനുഭവങ്ങളും.

വായിക്കുക...കേൾക്കുക....
VIDEO - ഭിന്നശേഷിക്കാരുടെ പേരിൽ അഴിമതിയോ? ആരോപണങ്ങൾക്ക് മറുപടിയുമായി ഗോപിനാഥ് മുതുകാട്

Latest News