Sorry, you need to enable JavaScript to visit this website.

പോറ്റമ്മയുടെ കൈത്താങ്ങ്; യു.എ.ഇക്ക് ശുക്‌റന്‍ പ്രവാഹം

ദുബായ്- കേരളം അനുഭവിക്കുന്ന പ്രളയക്കെടുതിക്ക് മലയാളികളുടെ പോറ്റമ്മയായ യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായത്തിന് സമൂഹ മാധ്യമങ്ങളില്‍ ശുക്‌റന്‍ പ്രവാഹം. പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈത്താങ്ങ്', പ്രവാസി ആയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഞങ്ങളുടെ കണ്ണീരിനൊപ്പം നിന്നതിന് നന്ദി... ഇങ്ങനെ ഫേസ്ബുക്കിലും വാട്‌സാപ്പിലും മലയാളികളുടെ കൃതജ്ഞതാ പ്രവാഹമാണ്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തേക്കള്‍ വലിയ സഹായമാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാനം സന്ദര്‍ശിച്ചിട്ടും പ്രഖ്യാപിച്ചത് 600 കോടിയുടെ സഹായം മാത്രമാണ്. 2000 കോടി രൂപ കേരളം ആവശ്യപ്പെട്ടിരിക്കെയാണ് കേന്ദ്രം ചെറിയ തുക മാത്രം അനുവദിച്ചത്. കേരളത്തിലെ പ്രളയദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല.


കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം


 പുണ്യസ്ഥലങ്ങളില്‍ വ്യാപക വിരലടയാള പരിശോധന


ഹജിനിടയില്‍ അറഫയില്‍ ഒരു ആണ്‍കുഞ്ഞ് പിറന്നു


കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് യു.എ.ഇ ഭരണകൂടം നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നാണ് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററില്‍ കുറിച്ചിരുന്നത്.
കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ യു.എ.ഇ പ്രത്യേക സമിതിക്ക് രൂപം നല്‍കുകയുമുണ്ടായി. എമിറേറ്റ്‌സ് റെഡ് ക്രെസന്റിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ രാജ്യത്തെ പ്രമുഖ സന്നദ്ധസംഘനകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയുടെ വിജയത്തിന് കേരള ജനതയുടെ പിന്തുണ എക്കാലവും ഉണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിന് നാല് കോടി രൂപ നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമാനതകളില്ലാത്ത ദുരന്തം നേരിടുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 600 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എത്തിയപ്പോള്‍ 100 കോടി രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയപ്പോള്‍ 500 കോടി രൂപയുമാണ് പ്രഖ്യാപിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ തുകയായ 25 കോടി നല്‍കിയത് തെലങ്കാനയാണ്.  മഹാരാഷ്ട്ര- 20 കോടി, ഉത്തര്‍പ്രദേശ്- 15 കോടി, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബിഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്- 10 കോടി, തമിഴ്‌നാട്, ഒഡീഷ-അഞ്ച് കോടി, അസം- മൂന്ന് കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച സാമ്പത്തിക സഹായം.

 

 

Latest News