Sorry, you need to enable JavaScript to visit this website.

ഇമാറാത്തി യുവാവിന്റെ ലംബോർഗിനി ഫ്രാൻസിൽ മോഷണം പോയി; കണ്ടെത്തിയത് ഇൻസ്റ്റഗ്രാമിൽ

ദുബയ്- യൂറോപ്യൻ ടൂറിനിടെ ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്കുള്ള വഴിമധ്യേ 20 ലക്ഷം ദിർഹം വിലവരുന്ന തന്റെ സ്വന്തം സൂപ്പർ കാർ ലംബോർഗിനി മോഷ്ടിച്ചയാളെ യുഎഇ പൗരൻ ഇൻസ്റ്റഗ്രാമിൽ പിടികൂടി. ദുബയ് സ്വദേശിയായ 30കാരൻ അബ്ദുല്ല അൽഫഹിമിനാണ് കാത്തിരിപ്പിനൊടുവിൽ കാർ തിരികെ ലഭിച്ചത്. വിദേശ യാത്ര നടത്തുമ്പോൾ തന്റെ സൂപ്പർ കാറും കൂടെ കൊണ്ടു പോകുന്ന ശീലം അൽഫഹിമിനുണ്ട്. യുറോപ്യൻ യാത്രക്കിടെ ഫ്രാൻസിലെ കാനിൽ നിന്നും ലണ്ടനിലേക്കു പുറപ്പെടുന്നതിനു മുമ്പ്  കാർ ലണ്ടനിലെത്തിക്കാൻ ഒരു ഷിപ്പിങ് കമ്പനിയെ ഏൽപ്പിച്ചതാണ് വിനയായത്. എന്നാൽ ലണ്ടനിലെത്തിയെങ്കിലും കാർ കാണാതായതോടെ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇതൊരു വ്യാജ കമ്പനിയായിരുന്നുവെന്ന് അപ്പോഴാണ് അറിയുന്നത്.

ഇൻസ്റ്റഗ്രാമിൽ വലിയ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ താരമാണ് അൽഫഹിം. ഇദ്ദേഹവും സുഹൃത്തുക്കളും കാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് ഇതു കണ്ടെത്താൻ ഇൻസ്റ്റഗ്രാമിലൂടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഈ പോസ്റ്റുകൾ വൈറലായതോടെ യുറോപ്പിലെ സൂപ്പർകാർ ബ്ലോഗർമാരും ചില വിദേശ മാധ്യമങ്ങളും ഇതേറ്റു പിടിച്ചു. ഈ പോസ്റ്റുകളാണ് കാർ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. 

ദുബൈയിൽ നിന്നും യുറോപ്പിലേക്ക് യാത്ര നടത്തുകയാണെന്നു പറഞ്ഞ് അൽഫഹിം ഇൻസ്റ്റഗ്രാമിൽ കാറിന്റ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ട മോഷ്ടാവ് ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി കാർ ലണ്ടനിലെത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തു അൽഫഹിമിനെ സമീപിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് ഇയാളുടെ സഹായം സ്വീകരിക്കുകയും ചെയ്തു. കാനിലെ താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് കമ്പനി കാർ കൊണ്ടു പോയതെന്ന് അൽഫഹിം പറയുന്നു. ലണ്ടനിലേക്ക് യാത്ര തിരിക്കുന്നുതിനു ഒരു ദിവസം മുമ്പ് ഇയാൾ വിളിച്ച് ഒരു മണിക്കൂറിനകം കാർ ലണ്ടനിലെ ഹോട്ടലിനു മുന്നിലെത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ലണ്ടനിലെത്തിയ അൽഫഹിമിന് ലംബോർഗിനി ലഭിച്ചില്ല. തുടർന്ന് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും തന്റെ നമ്പർ മോഷ്ടാവ് ബ്ലോക്ക് ചെയ്തിരുന്നു. കാർ മോഷ്ടിക്കപ്പെട്ടുവെന്ന ബോധ്യപ്പെട്ടതോടെ ഉടൻ ഇന്റർപോളിനേയും യുറോപ്യൻ പോലീസ് ഓഫീസിനേയും ലണ്ടനിലെ യുഎഇ എംബസിയേയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് കാർ ഇൻസ്റ്റഗ്രാമിൽ കണ്ടെത്തിയത്. 

കാർ അപ്പോഴേക്കും പോളണ്ടിലെത്തിയിരുന്നു. മോഷണം നടത്തിയ പോളിഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലണ്ടനിലെത്തിക്കാമെന്ന വാഗ്ദാനം നൽകി തന്റെ പക്കൽ നിന്നും വാങ്ങിയ കാർ ഇയാൾ ഫ്രാൻസിൽ നിന്നും ഇറ്റലി വഴി പോളണ്ടിലെത്തിക്കുകയായിരുന്നുവെന്ന് അൽഫഹിം പറഞ്ഞു. ഇവിടെ നിന്നും റഷ്യയിലേക്കു യുെ്രെകനിലേക്കും കടക്കാനായിരുന്നു മോഷ്ടാവിന്റെ പദ്ധതി. ഇതിനിടെയാണ് പോളണ്ട് പോലീസിന്റെ പിടിയിലായത്. തിരിച്ചുപിടിച്ച കാർ ഇപ്പോൾ പോളണ്ടിലെ യുഎഇ എംബസിയിലാണ്. ഉടൻ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് അൽഫഹിം.
 

Latest News