അയോധ്യ - അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണിയിലെ ഘടകക്ഷിയായ ശിവസേന യു.ബി.ടി നേതാവുമായ ഉദ്ധവ് താക്കറെയ്ക്കു മറുപടിയുമായി അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ സത്യേന്ദ്ര ദാസ്. ശ്രീരാമന്റെ ഭക്തരായിട്ടുള്ളവരെ മാത്രമേ ക്ഷണിച്ചിട്ടുള്ളുൂവെന്നാണ് സത്യേന്ദ്ര ദാസിന്റെ ന്യായീകരണം.
ശ്രീരാമന്റെ പേരിൽ ബി.ജെ.പി പോരടിക്കുകയാണെന്ന വാദം തെറ്റാണെന്നും ശ്രീരാമനിൽ വിശ്വാസമുള്ളവരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും മുഖ്യ പുരോഹിതൻ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി മോഡി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. എല്ലായിടത്തും അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഇതു രാഷ്ട്രീയമല്ല. അദ്ദേഹത്തിന്റെ ഭക്തിയാണ്. ശ്രീരാമന്റെ പേരിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത് സഞ്ജയ് റാവുത്ത് ഉൾപ്പെടെയുള്ളവരാണ്. അവരിപ്പോൾ ഭഗവാനെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.
രാമക്ഷേത്രം ബി.ജെ.പി വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണെന്നും ക്ഷേത്രം സന്ദർശിക്കാൻ ക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഇനി ഭഗവാൻ ശ്രീരാമനെ സ്ഥാനാർത്ഥിയാക്കാൻ മാത്രമേ ബി.ജെ.പി ബാക്കിയുള്ളൂവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തും വിമർശിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് പ്രധാനമന്ത്രി മോഡിയെ പ്രശംസിച്ചും ബി.ജെ.പിയെ ന്യായീകരിച്ചും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ രംഗത്തെത്തിയത്.
ചതിയിലൂടെ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചിടത്ത് സംഘപരിവാർ ശക്തികൾ മോഡി സർക്കാറിന്റെ പിന്തുണയോടെ നിർമിച്ച രാമക്ഷേത്രത്തിൽ ഈമാസം 22-നാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. ജനുവരി 16 മുതൽ ഏഴുദിവസം നീണ്ടുനില്ക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളോടെയാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുക. വിലക്കയറ്റവും തൊഴിലില്ലായ്മയും പൗരാവകാശ ധ്വംസനവുമെല്ലാം കടുത്ത ഭീഷണി ഉയർത്തുമ്പോഴും അതിൽനിന്നെല്ലാം ജനശ്രദ്ധ തിരിച്ച്, ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിലും രാമനും അയോധ്യയുമെല്ലാം വിഷയമാക്കി വർഗീയ ചേരിതിരിവിലൂടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ നടക്കുന്നത്.