Sorry, you need to enable JavaScript to visit this website.

ന്യൂ ഇയര്‍ ആഘോഷിക്കാനെത്തിയ  പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു

കോഴിക്കോട്- കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിന്‍
ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും ട്രെയിനിന്റെ  എന്‍ജിനില്‍ കുടുങ്ങി. സ്‌കൂട്ടറുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്‌കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന. 
വെള്ളയില്‍നിന്ന് ദേശീയപാതയിലേക്ക് മേല്‍പ്പാലത്തിലൂടെയല്ലാതെ എളുപ്പത്തില്‍ എത്താന്‍വേണ്ടി സ്‌കൂട്ടറില്‍ പാളം  മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. മുമ്പേ പോയ സ്‌കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതു കണ്ടാണ് ആദിലും സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയത്. പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇതിലെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തായി ആദിലിനെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

Latest News