ന്യൂസിലാന്റിലും ഓസ്‌ട്രേലിയയിലും പുതുവത്സരം പിറന്നു; ഒടുവിലെത്തുക യു. എസിലെ ബേക്കര്‍ ദ്വീപില്‍

ഓക്ലന്‍ഡ്- പതിവുപോലെ പുതുവര്‍ഷം ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും ആദ്യമെത്തി.  ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സ്‌കൈ ടവറിന് മുകളില്‍ കരിമരുന്ന് പ്രയോഗം നടത്തി ഓക്ലന്‍ഡിലെ നിവാസികള്‍ പുതുവര്‍ഷത്തെ വരവേറ്റു.

രണ്ടു മണിക്കൂറിന് ശേഷമാണ് അയല്‍ രാജ്യമായ ഓസ്‌ട്രേലിയയില്‍ പുതുവര്‍ഷപ്പിറവിയുണ്ടായത്. ലോകമെമ്പാടു നിന്നും വീക്ഷിക്കുന്ന സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ വെടിക്കെട്ടിന്റേയും ലൈറ്റ് ഷോയുടെയും അകമ്പടിയോടെയാണ് പുതിയ കൊല്ലത്തെ വരവേറ്റത്. നഗരത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നായ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഹാര്‍ബര്‍ വാട്ടര്‍ഫ്രണ്ടില്‍ ഒത്തുചേരുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാന്‍ സിഡ്‌നിയിലുടനീളം കൂടുതല്‍ പോലീസിനെ അധികൃതര്‍ വിന്യസിച്ചിരുന്നു. 

ഇവയ്ക്കു പിന്നാലെയാണ് ജപ്പാന്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കൊല്ലം പിറക്കുന്നത്. അമേരിക്കയിലെ ബേക്കര്‍ ദ്വീപിലും ഹൗലാന്റ് ദ്വീപിലുമാണ് പുതുവര്‍ഷം ഏറ്റവും ഒടുവിലെത്തുക. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി ഒന്നിന് വൈകിട്ട് നാലര മണിയാകുമ്പോഴായിരിക്കും.

Latest News