Sorry, you need to enable JavaScript to visit this website.

മകളുമായി ചെന്നപ്പോള്‍ കാണാനെത്തിയില്ല,  ബാലയ്ക്കെതിരെ തുറന്നടിച്ച് അമൃത 

കൊച്ചി- മുന്‍ഭര്‍ത്താവും നടനുമായ ബാലയ്ക്കെതിരെ ഗായിക അമൃത സുരേഷ്. വിവാഹമോചനത്തിന് ശേഷം ബാല നിരന്തരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിയമസഹായത്തിനായി അമൃത അഭിഭാഷകരായ അഡ്വ.രജനി, അഡ്വ.സുധീര്‍ എന്നിവരെ സമീപിച്ചിരുന്നു. ഇവര്‍ക്കൊപ്പമുള്ള വീഡിയോയും അമൃത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. പരസ്പര സഹകരണത്തോടെയുള്ള വിവാഹമോചന ശേഷം കരാര്‍ ഒപ്പുവച്ചെങ്കിലും കുറേ വര്‍ഷങ്ങളായി ബാല അതെല്ലാം ലംഘിച്ചു. കുട്ടിക്ക് 18 വയസ് തികയുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്. എല്ലാ മാസത്തെയും ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണിവരെ കോടതിവളപ്പില്‍ വച്ച് ബാലയ്ക്ക് മകളെ കാണാന്‍ അവകാശമുണ്ട്. അല്ലാതെ മറ്റ് വിശേഷ ദിവസങ്ങളിലോ ഉത്സവകാലങ്ങളിലോ മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ബാലയ്ക്ക് അനുവാദമില്ല.
വിവാഹമോചനം കഴിഞ്ഞ് ആദ്യ രണ്ടാം ശനിയാഴ്ച അമൃത കുഞ്ഞുമായി എത്തിയെങ്കിലും അന്ന് ബാല എത്തിയില്ല. കാണാന്‍ സാധിക്കില്ല എങ്കില്‍ ആ വിവരം മുന്‍കൂട്ടി കോടതിയില്‍ നല്‍കിയ ഇമെയില്‍ വിലാസത്തിലൂടെയോ ഫോണ്‍ കോളിലൂടെയോ അമൃതയെ അറിയിക്കണമെന്നുണ്ട്. എന്നാല്‍ ഇതൊന്നും ബാല ചെയ്തിരുന്നില്ല. മകളെ കാണിക്കുന്നില്ല എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പറയുക മാത്രമാണ് ചെയ്യുന്നത് എന്നും അമൃത പറഞ്ഞു. കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ഉദ്ദേശമെന്നും അമൃത പറയുന്നു.
കോമ്പ്രമൈസ് പെറ്റീഷന്‍ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്കു നല്‍കിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷന്‍ പ്രകാരം കുഞ്ഞിനെ വളര്‍ത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറയുന്നില്ല. ബാലയ്ക്കെതിരെ പോക്സോ കേസ് കൊടുത്തതായി രേഖയില്ല. പോക്സോ പ്രകാരം കേസുണ്ടെങ്കില്‍ പോലീസ് റിമാന്‍ഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചിട്ടില്ലെന്നും അമൃത പറഞ്ഞു. ഉടമ്പടിപ്രകാരമുള്ള ഒരു കാര്യങ്ങളും ലംഘിച്ചിട്ടില്ല. ഇനിയും ഉടമ്പടി ലംഘിച്ചാല്‍ നിയമപരമായി നേരിടാന്‍ അമൃത അഭിഭാഷകര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
 

Latest News