അബുദാബി- യു.എ.ഇ പ്രചര ചാവക്കാട്, യു.എ.ഇ റേഡിയോ ഏഷ്യ 94.7 എഫ്.എമ്മുമായും ആസ്റ്റർ വളണ്ടിയർമാരുമായി സഹകരിച്ച് മരുഭൂമിയിലേക്കൊരു കാരുണ്യയാത്ര സംഘടിപ്പിച്ചു. പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും കിഡ്‌നി ഫൗണ്ടേഷൻ ഇന്ത്യയുടെ ചെയർമാനുമായ ഫാ.ഡേവിസ് ചിറമേൽ ഉദ്ഘാടനം നിർവഹിച്ച കാരുണ്യ യാത്രയ്ക്ക് പ്രചര ചാവക്കാട് ചെയർമാൻ കെ.വി. സുശീലൻ ഫ്ളാഗ് ഓഫ് നൽകി.
പ്രചര ചാവക്കാട് യു.എ.ഇ പ്രവാസ ലോകത്ത് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശൈത്യ കാലത്തിന്റെ കഠിനമായ പ്രതികൂലാവസ്ഥകൾ നേരിടുന്ന ഉമ്മുൽ ഖുവൈനിലെ മരുഭൂമികളിലെ ആട്ടിടയൻമാർക്കും, ഒട്ടകത്തെ മേയ്ക്കുന്നവർക്കും, കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും പ്രചര ചാവക്കാടിന്റെ സന്നദ്ധ പ്രവർത്തകർ പുതപ്പുകൾ, പ്രഥമശുശ്രൂഷാ മരുന്നുകൾ, ഭക്ഷണ കിറ്റുകൾ, പലവ്യഞ്ജന കിറ്റുകൾ, കുടിവെള്ള ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു.
യു.എ.ഇയിലെ മരുഭൂമികളിൽ വാഹനമോടിച്ച് ചിരപരിചിതരായ ഡെസേർട്ട് ഡ്രൈവേഴ്‌സിന്റെയും 4-4 മിഡിൽ ഈസ്റ്റിന്റെയും ടീമംഗങ്ങൾ ഇരുപത്തിയഞ്ചോളം വരുന്ന വാഹന വ്യൂഹത്തിന് നേതൃത്വം നൽകി. സിന്ധു ബിജു, ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി, ആസിഫ്, ഷീബ, ഷാഫി, പ്രചര യു.എ.ഇ ചാവക്കാട് കമ്മിറ്റിയുടെ ഭാരവാഹികളായ ഷാജി എം.അലി, സുനിൽ കോച്ചൻ, ഫാറൂഖ്, ഉണ്ണി പുന്നാര, ഫിറോസ് അലി, ഷഹീർ, ശനീർ, ഷാജഹാൻ സിങ്കം, അൻസർ, ഷാജി വാസു, പ്രജീഷ് എന്നിവർ നേതൃത്വം നൽകിയ കാരുണ്യ യാത്രയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേർ പങ്കെടുത്തു.






