മീരാ ജാസ്മിന്റെ ക്വീന്‍ എലിസബത്ത്

മീരാ ജാസ്മിനും നരേനും ജോഡികളായെത്തുമ്പോള്‍ കാഴ്ചക്കാര്‍ക്കുള്ള പ്രതീക്ഷ അത്രയ്ക്കങ്ങ് ബോധ്യപ്പെടുത്താനായിട്ടില്ല ക്വീന്‍ എലിസബത്തിന്. അച്ചുവിന്റെ അമ്മയും മിന്നാമിന്നിക്കൂട്ടവും ഒരേ കടലും ഉള്‍പ്പെടെയുള്ള സിനിമകളില്‍ വ്യത്യസ്തതയുമായെത്തിയ ഇരുവരും ക്വീന്‍ എലിസബത്തിലെത്തുമ്പോള്‍ പഴയ കാഴ്ചയുടെ തീവ്രത അനുഭവിപ്പിക്കാനാാവുന്നില്ല. 

ഇടവേളക്ക് ശേഷമാണ് മീരാ ജാസ്മിന്‍ മലയാള സിനിമയിലെത്തുന്നതെങ്കിലും ഇന്നലെ കണ്ട പെണ്‍കുട്ടിയുടെ ഭാവം അവര്‍ക്ക് നിലനിര്‍ത്താനായിട്ടുണ്ട്. എന്നാല്‍ നരേന്റെ കാര്യത്തില്‍ അത് തീര്‍ച്ചയായും ശരിയല്ല. ശരീരത്തില്‍ മാത്രമല്ല ശരീര ഭാഷയിലും ഏറെ മാറിയിട്ടുണ്ട് നരേന്‍.

എണ്‍പതുകളുടെ അവസാന വര്‍ഷങ്ങളില്‍ ജനിച്ച രണ്ടുപേര്‍ കാലം തെറ്റി പ്രണയിക്കാനെത്തുമ്പോള്‍ സിനിമയും ലോകവും ഏറെ മാറിപ്പോയിട്ടുണ്ട്. അക്കാര്യം തിരിച്ചറിയേണ്ടതായിരുന്നു. പഴയ പ്രണയിതാക്കളുടെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും പറഞ്ഞു പഴകിയ കാര്യങ്ങളാണ് മുമ്പിലേക്ക് വരുന്നത്. 

അച്ചുവിന്റെ അമ്മയും ആകാശദൂതും മാത്രമല്ല, നേരത്തെ കണ്ടു കഴിഞ്ഞ പല സിനിമകളുടേയും കഷണങ്ങള്‍ ക്വീന്‍ എലിസബത്തില്‍ കാണാനാവും. സെന്റിമെന്‍സും റൊമാന്‍സും ഉള്‍പ്പെടെ പലതും നേരത്തെ കണ്ടതാണെന്ന് തോന്നിപ്പോകുന്നുണ്ടെങ്കില്‍ അത് പ്രേക്ഷകന്റെ കുറ്റമല്ല.

രണ്ടു മണിക്കൂറോളം മാത്രമാണ് ക്വീന്‍ എലിസബത്തിന്റെ ദൈര്‍ഘ്യം. തുടക്കത്തില്‍ തന്നെ സിനിമ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് പ്രേക്ഷകന് തിരിച്ചറിയാനാകും. എന്നാല്‍ അവസാനം ഒളിപ്പിച്ചു വെച്ചൊരു ട്വിസ്റ്റില്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ മാറിപ്പോകും. 

മികച്ച അഭിനേത്രിയായ മീരാ ജാസ്മിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ക്വീന്‍ എലിസബത്ത് ശ്രമിച്ചിട്ടുണ്ട്. മീരയെ പിന്തുണക്കുന്ന വേഷങ്ങളാണ് സിനിമയിലെ മറ്റെല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത്. 

Latest News