ഫുട്‌ബോൾ ഫാക്ടറി

ബാഴ്‌സലോണയുടെ ലാ മാസിയ യൂത്ത് അക്കാദമിയായിരിക്കാം ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോൾ ഫാക്ടറി. അർജന്റീനയിൽനിന്ന് പതിമൂന്നാം വയസ്സിൽ കുടിയേറിയെത്തിയ ലിയണൽ മെസ്സി എന്ന പയ്യൻ തന്റെ കളി മിനുക്കിയെടുത്തത് ലാ മാസിയയിലായിരുന്നു. എന്നാൽ മെസ്സിയുടെ ജന്മനാട്ടിലെ ലളിതമായ സോഷ്യൽ പാർക്ക് ക്ലബ്ബായിരിക്കും ഒരുപക്ഷേ ഏറ്റവുമധികം ലോകോത്തര കളിക്കാരുടെ കളിത്തൊട്ടിലായത്.

എതിരെ വന്ന വലിയ കുട്ടിയെ ഡ്രിബിൾ ചെയ്ത ബെഞ്ചമിൻ പലാൻഡെല ഒരു ഏഴു വയസ്സുകാരനിൽനിന്ന് പ്രതീക്ഷിക്കാവുന്നതിനേക്കാൾ കനത്ത ഷോട്ടാണ് പായിച്ചത്. ഗോൾവലയിൽ അത് ഇടിമുഴക്കം സൃഷ്ടിച്ചു. സമീപത്ത് മറ്റു കുട്ടികൾ ഹെഡ് ചെയ്തു കളിക്കുകയാണ്. വേറെ ചിലർ ഓറഞ്ച് കോണുകൾക്കിടയിലൂടെ ഡ്രിബ്ൾ ചെയ്യുന്നു, കുറ്റികൾക്കു മേലെ ചാടുന്നു. ബ്യൂണസ്‌ഐറിസിലെ തൊഴിലാളികൾ ഇടതിങ്ങിത്താമസിക്കുന്ന പ്രദേശത്തെ സോഷ്യൽ പാർക്ക് ക്ലബ്ബിൽ കോൺക്രീറ്റ് ഗ്രൗണ്ടിലാണ് ഈ കുട്ടികളുടെ പരിശീലനം. ഇതേ സോക്കർ ടാലന്റ് ഫാക്ടറിയിൽ നിന്നാണ് ഡിയേഗൊ മറഡോണയുടെയും കാർലോസ് ടെവെസിന്റെയും യുവാൻ റോമൻ റിക്വേൽമെയുടെയുമൊക്കെ ഉദ്ഭവം. സ്‌പെയിനിലെ ബാഴ്‌സലോണയുടെ ലാ മാസിയ യൂത്ത് അക്കാദമിയായിരിക്കാം ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോൾ ഫാക്ടറി. അർജന്റീനയിൽനിന്ന് പതിമൂന്നാം വയസ്സിൽ കുടിയേറിയെത്തിയ ലിയണൽ മെസ്സി എന്ന പയ്യൻ തന്റെ കളി മിനുക്കിയെടുത്തത് ലാ മാസിയയിലായിരുന്നു. എന്നാൽ മെസ്സിയുടെ ജന്മനാട്ടിലെ ലളിതമായ സോഷ്യൽ പാർക്ക് ക്ലബ്ബായിരിക്കും ഒരുപക്ഷേ ഏറ്റവുമധികം ലോകോത്തര കളിക്കാരുടെ കളിത്തൊട്ടിലായത്. ഇവിടെ പന്തു തട്ടിത്തുടങ്ങിയ 40 പേരെങ്കിലും സൂപ്പർ താരങ്ങളായി വളർന്നിട്ടുണ്ട്. മെസ്സിയുടെ ബാഴ്‌സലോണ ജഴ്‌സിയാണ് മിക്ക കുട്ടികളും ധരിച്ചിരിക്കുന്നത്. മറ്റൊരു മെസ്സിയാവുകയാണ് അവരുടെയൊക്കെ സ്വപ്‌നം. 
കുട്ടികളെ അടിസ്ഥാന കാര്യങ്ങളും ടെക്‌നിക്കുകളും പഠിപ്പിക്കുന്നതിലാണ് ക്ലബ് പാർക്ക് ശ്രദ്ധ ചെലുത്തുന്നതെന്നും പ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്തുകയാണ് തങ്ങളുടെ രീതിയെന്നും ഈ അക്കാദമിയിലെയും ബൊക്ക ജൂനിയേഴ്‌സിന്റെ കുട്ടികളുടെ വിഭാഗത്തിലെ മുഖ്യ സ്‌കൗടായ (പ്രതിഭകളെ കണ്ടെത്തുന്ന വ്യക്തി) റമോൺ മാഡീനി പറയുന്നു. ലാ മാസിയയേക്കാൾ കൂടുതൽ കളിക്കാരെ തങ്ങളാണ് വളർത്തിയെടുത്തതെന്ന് എഴുപത്തഞ്ചുകാരൻ അവകാശപ്പെട്ടു. ഇവിടെ പരിശീലിച്ച ഇരുനൂറിലേറെ പേർ പല തലത്തിൽ അർജന്റീന ദേശീയ ടീമിന്റെയും അർജന്റീനയിലെയും യൂറോപ്പിലെയും പ്രമുഖ ക്ലബ്ബുകളുടെയും ജഴ്‌സിയിട്ടിട്ടുണ്ട്. 
കുട്ടിയായിരിക്കേ ടെവെസിന് പ്രചോദനം നൽകിയതെങ്ങനെയെന്ന് മാഡീനിക്ക് ഇന്നും ഓർമയുണ്ട്. മാഡീനി പറഞ്ഞതു പോലെ സംഭവിച്ചു. ഇംഗ്ലണ്ടിലും ഇറ്റലിയിലും പ്രമുഖ ക്ലബ്ബുകളിൽ ടോപ് ഗോൾസ്‌കോററായി ടെവെസ്. താൻ ഡിഫന്ററായി കളിക്കാൻ പറയുമ്പോൾ യുവാൻ പാബ്‌ലൊ സോറിൻ പൊട്ടിക്കരഞ്ഞത് മാഡീനി ഓർക്കുന്നു. സോറിന് സ്‌ട്രൈക്കറാവാനായിരുന്നു ആഗ്രഹം. ബാഴ്‌സലോണയുടെയും പാരിസ് സെയ്ന്റ് ജർമാന്റെയും വിഖ്യാത ലെഫ്റ്റ്ബാക്കായി സോറിൻ. 2006 ലെ ലോകകപ്പിൽ ജർമനിക്കെതിരെ അർജന്റീനക്കു വേണ്ടി താൻ കളിക്കുന്നതു കാണാൻ മാഡീനിയെ എല്ലാ ചെലവും നൽകി ജർമനിയിലേക്ക് കൊണ്ടുപോയി സോറിൻ. 
ഇപ്പോഴത്തെ കുട്ടികളിൽ ആരൊക്കെ ലോകം കീഴടക്കുമെന്ന് മാഡീനി പ്രവചിക്കുന്നു. ഏഴു വയസ്സുകാരൻ ബെഞ്ചമിൻ പലാൻഡെലയാണ് മാഡീനി നോട്ടമിടുന്നവരിലൊരാൾ. 'രണ്ടു കാലും അയാൾക്ക് വഴങ്ങും, പുറംതിരിഞ്ഞ അവസ്ഥയിൽ പാസ് നൽകാൻ സാധിക്കും. അവൻ പന്ത് കൊണ്ട് പായുന്നതു കാണുമ്പോൾ യുവാൻ റോമൻ റിക്വേൽമെയെയാണ് എനിക്ക് ഓർമ വരുന്നത്. അവന്റെ കൈകൾ ചലിക്കുന്നതു കാണുമ്പോൾ ടെവെസുമായി സാമ്യമുണ്ട്' -മാഡീനി വാചാലനാവുന്നു. 
ബെഞ്ചമിൻ പരിശീലന മത്സരം കഴിഞ്ഞതോടെ മെസ്സിയുടെ ബാഴ്‌സലോണ ജഴ്‌സിയിലേക്ക് മാറി. മറ്റു കുട്ടികളൊക്കെ സ്ഥലം വിട്ടു കഴിഞ്ഞപ്പോഴും പയ്യൻ ഗ്രൗണ്ടിൽ ആവേശത്തോടെ പന്ത് തട്ടി. 'എനിക്ക് മെസ്സിയാവണം, ബാഴ്‌സലോണക്ക് കളിക്കണം' -ബെഞ്ചമിൻ പറഞ്ഞു. പന്തിലേക്ക് മെസ്സി കാൽ വെക്കുന്ന രീതിയോടും ഫ്രീകിക്കെടുക്കുന്ന ശൈലിയോടും അതീവ ഇഷ്ടമാണ് ബെഞ്ചമിന്. പൊതുവെ ലജ്ജാലുവായ ബെഞ്ചമിൻ ഗ്രൗണ്ടിലിറങ്ങിയാൽ പുലിക്കുട്ടിയാവുമെന്ന് പിതാവ് ഗാസ്റ്റൺ പറയുന്നു. 
പ്രതിഭകളെ കണ്ടെത്താനുള്ള മാഡീനിയുടെ ഈ ഉൾക്കാഴ്ചയാണ് പാർക്ക് ക്ലബ്ബിനെ ടാലന്റ് ഫാക്ടറിയാക്കുന്നത്. ചെറിയ ഗ്രൗണ്ടിലെ പരുത്ത പ്രതലത്തിൽ ടെക്‌നിക്കുകൾ ശീലിപ്പിക്കുന്ന രീതിയും മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. പെട്ടെന്ന് പ്രതികരിക്കാൻ കഴിയുന്ന കുട്ടികൾക്ക് പ്രൊഫഷനൽ ഫുട്‌ബോളിലെ കണിശമായ മാർക്കിംഗ് അതിജീവിക്കാൻ കഴിയുന്നു. ഇവിടെ കളിച്ചുവളർന്നവർ ഇപ്പോഴും മാഡീനിയുമായി ബന്ധം നിലനിർത്തുന്നു. യൂറോപ്യൻ ക്ലബ്ബുകളിലെ ഇടവേളകളിൽ ബ്യൂണസ്‌ഐറിസിലെത്തുമ്പോൾ അദ്ദേഹത്തെ വിരുന്നിന് ക്ഷണിക്കുന്നു. കരിയറിൽ പ്രതിസന്ധി നേരിടുമ്പോഴൊക്കെ പാർക്ക് ക്ലബ്ബിലെ സാഹചര്യങ്ങൾ തന്റെ മനസ്സിലേക്ക് വരുമെന്നും അത്തരം സാഹചര്യങ്ങൾ അവിടെ കൈകാര്യം ചെയ്തതും മാഡീനിയുടെ ഉപദേശങ്ങളും ഓർമയിൽ ഓടിയെത്തുമെന്നും ബൊക്ക ജൂനിയേഴ്‌സിനുൾപ്പെടെ കളിച്ച സെസാർ ലപാഗ്‌ലിയ പറയുന്നു. ഏഴാം വയസ്സ് മുതൽ അഞ്ചു വർഷം ഇവിടെ ലപാഗ്‌ലിയ പരിശീലിച്ചിരുന്നു. 
പത്രവിതരണക്കാരുടെയും ഫാക്ടറിത്തൊഴിലാളികളുടെയും രണ്ടു ക്ലബ്ബുകൾ ലയിച്ച് 1949 ലാണ് ക്ലബ് സോഷ്യൽ പാർക്ക് നിലവിൽ വന്നത്. ഇപ്പോൾ എല്ലാ സാമ്പത്തിക വിഭാഗത്തിലും പെട്ട ആറ് വയസ്സ് മുതലുള്ള നൂറ്റമ്പതോളം കുട്ടികൾ പരിശീലനം നടത്തുന്നു. അർജന്റീനോസ് ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ് തുടങ്ങിയ ക്ലബ്ബുകളുമായി ഇവിടത്തെ പ്രതിഭകളെ ടീമിലെടുക്കാനുള്ള കരാറുണ്ട്. ബൊക്കക്കു വേണ്ടി തൊണ്ണൂറുകളിൽ കരാറൊപ്പിട്ടത് കോടീശ്വരനായ ബിസിനസുകാരൻ മൗറിഷ്യൊ മാക്‌റിയാണ്. കഴിഞ്ഞ വർഷം മാക്‌റി അർജന്റീനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 
അർജന്റീന ഫുട്‌ബോൾ പ്രതിഭകളുടെ മാത്രമല്ല, അഴിമതിയുടെയും തലസ്ഥാനമാണ്. ഈ നഗരത്തിൽ മാത്രം നൂറുകണക്കിന് അക്കാദമികളുണ്ട്. ബെഞ്ചമിനെ പോലെ ആയിരക്കണക്കിന് പ്രതിഭകളിൽനിന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് ഉയരങ്ങൾ കീഴടക്കുന്നത്. പലരും പരിക്കിനും താരപ്രഭയുടെ പിരിമുറുക്കത്തിനും മുന്നിൽ അടിയറ പറയുന്നു. അഴിമതിയിൽ കുളിച്ച അർജന്റീന ഫുട്‌ബോൾ ഫെഡറേഷനെ നിയന്ത്രിക്കാൻ ഫിഫ ഈയിടെ ഒരു സമിതിയെ നിയമിച്ചു. വേതനം കിട്ടാത്ത കളിക്കാർ ഏതാനും ആഴ്ച മുമ്പാണ് സമരത്തിനിറങ്ങി ലീഗ് തടസ്സപ്പെടുത്തിയത്. 
വളർന്നുവരുന്ന കാലത്ത് കുട്ടികൾക്ക് ചുറ്റും ഉത്തരവാദിത്തമുള്ളവർ വേണ്ടതുണ്ടെന്ന് പ്രൊഫഷനൽ കളിക്കാരനായ ലിയണൽ ഗാൻസീഡൊ പറയുന്നു. ഈയിടെ ഈ അക്കാദമിയിൽ കുട്ടികളുടെ ലീഗ് മത്സരം കാണാൻ മാതാപിതാക്കൾ അണിനിരന്നത് ലോകകപ്പ് വീക്ഷിക്കുന്ന ആവേശത്തോടെയാണ്. പന്ത്രണ്ടുകാരൻ തിയാഗൊ പെറൂജീനിയായിരുന്നു ടൂർണമെന്റിലെ മികച്ച കളിക്കാരിലൊരാൾ. മറ്റൊരു ക്ലബ്ബിലെ വലിയ കുട്ടികളുടെ ടൂർണമെന്റിലേക്ക് ഈ കുട്ടിക്ക് ക്ഷണം ലഭിച്ചു. അവിശ്വസനീയമാണ് ഈ കുട്ടിയുടെ പന്തടക്കവും പാസിന്റെ കൃത്യതയും. തിയാഗോയുടെ വീട്ടിൽ ഡസൻ കണക്കിന് ട്രോഫികളുണ്ട്. ഈയിടെ സാൻലോറൻസൊ ക്ലബ്ബിന്റെ യൂത്ത് ഡിവിഷനിൽ തിയാഗോക്ക് പ്രവേശനം ലഭിച്ചു.
 അതോടെ തിയാഗോയുടെ മാതാപിതാക്കൾ സാൻലോറൻസൊ ക്ലബ്ബിന്റെ നിറങ്ങളിൽ അലങ്കരിച്ചു. അർജന്റീനക്കാരനായ ഫ്രാൻസിസ് മാർപാപ്പയുടെ ഇഷ്ട ടീമാണ് സാൻലോറൻസൊ. മറഡോണയെ പോലെയാവുകയാണ് തിയാഗോയുടെ സ്വപ്‌നം. 1986 ലെ ലോകകപ്പിൽ മറഡോണ ഡ്രിബിൾ ചെയ്ത് മുന്നേറുന്ന ചിത്രത്തിനരികെ തിയാഗോയുടെ സമാനമായ ചിത്രം വീട്ടിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. സാൻലോറൻസോയുടെയും പാർക്ക് ക്ലബ്ബിന്റെയും അക്കാദമികളിൽ പരിശീലനം നടത്തുന്നതോടൊപ്പം നിരവധി ടൂർണമെന്റുകളിൽ കളിക്കാൻ തിയാഗോക്ക് ക്ഷണം കിട്ടുന്നു. 
തിയാഗോയുടെ പിതാവ് ഡിയേഗൊ പെറൂജീനി അർജന്റീനയിലെ താഴ്ന്ന ഡിവിഷനുകളിൽ കളിച്ചിരുന്നു. അർജന്റീനയുടെ ദേശീയ ടീമിൽ അഞ്ചു മിനിറ്റെങ്കിലും തിയാഗൊ കളിക്കുന്നതു കാണുകയാണ് ഡിയേഗോയുടെ സ്വപ്‌നം. 
 

Latest News