പാരസൈറ്റിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലീ സണ്‍ ക്യൂണ്‍ മരിച്ച നിലയില്‍

സിയോള്‍- ഓസ്‌കാര്‍ അവാര്‍ഡ് നേടിയ 'പാരസൈറ്റ്' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദക്ഷിണ കൊറിയന്‍ ലീ സണ്‍-ക്യുണിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ലീ സണ്‍-ക്യുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സെന്‍ട്രല്‍ സിയോളിലെ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ലീ സണ്ണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിന്റെ പേരില്‍ ലീ കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ലീ സണ്‍-ക്യുണ്‍ അന്വേഷണം നേരിട്ടിരുന്നത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്. ലീ വീട്ടില്‍ നിന്ന് പോയതിന് ശേഷം ഭാര്യ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

1975ലാണ് ലീ സണ്‍-ക്യുന്‍ ജനിച്ചത്. 'പാരസൈറ്റി'ല്‍ ധനികനായ പിതാവിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. 'ഹൈപ് ലെസ്സ്', 'ഓള്‍ എബൗട്ട് മൈ വൈഫ്' തുടങ്ങി നിരവധി ദക്ഷിണ കൊറിയന്‍ സിനിമകളിലും മറ്റ് നിരവധി ശ്രദ്ധേയമായ പ്രോജക്ടുകളിലും അദ്ദേഹം പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 'ഡോ ബ്രെയിന്‍' എന്ന പേരില്‍ ആപ്പിള്‍ ടിവിയുടെ ആദ്യ കൊറിയന്‍ ഒറിജിനല്‍ സീരീസിന്റെ ഭാഗമായിരുന്നു ലീ. 2021ല്‍ പുറത്തിറങ്ങിയ ആറ് എപ്പിസോഡുകളുള്ള ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണിത്.

Latest News