ദോഹ- മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികൾക്ക് ഖത്തറിൽ പുതിയ കൂട്ടായ്മ മജെസ്റ്റിക് മലപ്പുറം രൂപീകൃതമായി. 'മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (മജെസ്റ്റിക് മലപ്പുറം) വെള്ളിയാഴ്ച തുമാമയിലെ വൈബ്രന്റ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് നിലവിൽ വന്നത്.
ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ സംഘടനയുടെ പേര് അനാവരണം ചെയ്തു. മലപ്പുറം ജില്ലയുടെ സാംസ്‌കാരികവും സമ്പന്നവുമായ ചരിത്രത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനം ചടങ്ങിന് പ്രത്യേക അനുഭൂതി പകർന്നു.
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ ആശയങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള രൂപരേഖയും വീഡിയോ രൂപത്തിൽ മുനീഷ് എ.സി, ഷാഫി പാറക്കൽ എന്നിവർ അവതരിപ്പിച്ചു. നിഹാദ് അലി, അഷ്‌റഫ് ചിറക്കൽ, സുഹൈൽ ശാന്തപുരം, ഹുസൈൻ കടന്നമണ്ണ, എം.ടി നിലമ്പൂർ, സ്റ്റാർ മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മലപ്പുറം ജില്ലയുടെ എല്ലാ ഭാഗത്തു നിന്നുള്ളവരുടെയും പ്രാതിനിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങുകൾക്ക് വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ജിതിൻ നന്ദിയും അറിയിച്ചു. റിയാസ് അഹമ്മദ് അവതാരകൻ ആയിരുന്നു.






