ക്രിസ്മസ് കരോളിന്റെ പേരില്‍ വാഹന യാത്രക്കാരെ തടഞ്ഞ മദ്യപ സംഘം പോലീസിനെ ആക്രമിച്ചു, ജീപ്പ് തകര്‍ത്തു

കോഴിക്കോട് - ക്രിസ്മസ് കരോള്‍ സംഘം ചമഞ്ഞ് വാഹനയാത്രക്കാരില്‍ നിന്ന് പണം വാങ്ങിയ സംഘം കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ അടക്കം മൂന്ന് പൊലീസുകാരെ മര്‍ദ്ദിച്ചു. വാഹനങ്ങള്‍ തടഞ്ഞുവെച്ച് പണം വാങ്ങുന്നത് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കള്‍ പോലീസിനെ ആക്രമിച്ചത്. പോലീസ് വാഹനവും പ്രതികള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. ക്രിസ്മസ് കരോള്‍ സംഘം ചമഞ്ഞ് പ്രതികള്‍ എട്ടേരണ്ട് ജംഗ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരില്‍ നിന്നും നിര്‍ബന്ധിച്ചും അല്ലാതെയും പിരിവെടുത്തു. ഓരോ വാഹനവും തടഞ്ഞ് പണപ്പിരിവ് തടത്തിയതോടെ സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കാക്കൂര്‍ എസ് ഐ അബ്ദുള്‍ സലാമും രണ്ട് പോലീസുകാരും സ്ഥലത്തെത്തി സംഘത്തെ തടഞ്ഞതോടെ വാക്കുതര്‍ക്കമായി. യുവാക്കളെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തത്. മര്‍ദ്ദനമേറ്റ എസ് ഐ അബ്ദുള്‍ സലാം, പോലീസുകാരായ രജീഷ്, ബിജു എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ചേളന്നൂര്‍ സ്വദേശികളായ സുബിന്‍, ബിജീഷ്, അതുല്‍, വെസ്റ്റ് ഹില്‍ സ്വദേശി അജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് കാക്കൂര്‍ പൊലീസ് അറിയിച്ചു.

 

Latest News