തിരുവനന്തപുരം- കേരളത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരന്തം നേരിടുന്നതിന് പ്രവാസികള്‍ വലിയ സഹായമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വസ്ത്രങ്ങളും മറ്റും അയക്കുന്നതിനെ കുറിച്ച് പ്രവാസികള്‍ അന്വേഷിക്കുന്നുണ്ടെന്നും എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്കാണ് ഫണ്ട് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ ജീവന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇനി അവരെ പുനരധിവസിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇനി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കും. റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയതായി റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായിട്ടുണ്ട്. റോഡ് ഗതാഗതം സാധാരണഗതിയിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക സഹായം ഉറപ്പാക്കാന്‍ സാധിക്കണം. വെള്ളമിറങ്ങി വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. വെള്ളം ഇറങ്ങുന്നതനുസരിച്ച് കിണറുകള്‍ ശുദ്ധീകരിക്കാനും, ശുദ്ധജലി വിതരണ പൈപ്പുകള്‍ക്ക് കേടുപാടുണ്ടെങ്കില്‍ പരിഹരിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.