ബുർഹാൻപൂർ(മധ്യപ്രദേശ്)- മൂന്നുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. ദേഹം മുഴുവനും മുറിവുകളുമായി കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിൽ ഒരു കൈ മുറിച്ചുമാറ്റിയിട്ടുമുണ്ട്. മധ്യപ്രദേശിലെ ബുർഹാൻപൂർ ഏരിയയിലാണ് സംഭവം. അതേസമയം, ലൈംഗീകാക്രമണത്തിന് കുട്ടി ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ ഡോക്ടർമാർ സ്ഥിരീകരണം നൽകിയിട്ടില്ല. പ്രാഥമിക സൂചന പ്രകാരം കുട്ടി പീഡനത്തിനിരയായതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും വരാന്തയിലിരിക്കെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. അച്ഛനും അമ്മയും വയലിൽ ജോലിക്ക് പോയതായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ കാണാതായതെന്ന് പോലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു. കുട്ടിയെ കാണാതായ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസ് നായയെ ഉപയോഗിച്ച് പോലും പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഇന്നലെയാണ് വീടിന് കിലോമീറ്റർ അകലെയുള്ള അഴുക്കുചാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരം മുഴുവൻ മുറിവേറ്റ അടയാളമുണ്ട്. ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പോലീസ് വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി അർച്ചന ചിത്‌നിസ് വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അവർ പറഞ്ഞു. ഇത്തരം ക്രിമിനലുകളെ പിടികൂടുന്നതിനോ ശിക്ഷ നൽകുന്നതിലോ അമാന്തം കാണിക്കില്ലെന്നും അവർ വ്യക്തമാക്കി.