ദുബായ്- പ്രവർത്തകർക്ക് ആവേശം നൽകിയ പ്രഭാഷണങ്ങളും പ്രഖ്യാപനങ്ങളും മണ്ഡലത്തിലെ വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിച്ചും സംഘടിപ്പിച്ച ദുബായ് കെ.എം.സി.സി കൈപ്പമംഗലം മണ്ഡലം സന്നദ്ധ സേവാ സംഗമം വേറിട്ട പരിപാടിയായി.
പ്രവാസത്തിന്റെ പ്രയാസങ്ങളിലും ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റി കെ.എം.സി.സി പ്രവർത്തകർ നടത്തുന്ന ജീവകാരുണ്യ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അൻസാരി തില്ലങ്കേരി പറഞ്ഞു. സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങ് ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യ സദസ്സ്, സ്‌പോർട്‌സ് പരിപാടികൾ, മതകാര്യ പ്രവർത്തനങ്ങൾ, രാഷ്ട്രീയ കാര്യ പദ്ധതികൾ, വിവിധ തലങ്ങളിലുള്ള കെ.എം.സി.സി ചലനങ്ങളുടെ ഏകോപനം എന്നിവ സംബന്ധിച്ച പദ്ധതികളുടെ പ്രഖ്യാപനവും അവയുടെ സബ് കമ്മിറ്റിയുടെ ഭാരവാഹികളുടെ പ്രഖ്യാപനവും ജില്ലാ ട്രഷറർ സമദ് ചാമക്കാല നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അബ്ദുൽ ജലീൽ അവതരിപ്പിച്ചു.
ബിസിനസ്, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഹോട്ട്പാക് അബ്ദുൽ ജബ്ബാർ, ഷംസുദ്ദീൻ പുതുവീട്ടിൽ, നൗഷാദ്, കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന സുലൈമാൻ മതിലകം, പ്രകാശൻ കൈപ്പമംഗലം, സയ്യിദ് ഷാഫി, മുഹമ്മദ് ആസാദ് തുടങ്ങി പതിനാറോളം വ്യക്തിത്വങ്ങളെ മെമന്റോ നൽകി ആദരിച്ചു.
ഷാർജ കെ.എം.സി.സി സ്‌റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ് ഷാനവാസ്, ഷാർജ തൃശൂർ ജില്ലാ കെ.എം.സി.സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നസ്രുദ്ദീൻ ബുഖാരിയെയും ആദരിച്ചു. ഹോട്ട്പാക്ക് എം.ഡി അബ്ദുൽ ജബ്ബാർ, ഷാജി പള്ളിത്താനം തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ദുബായ് കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, മുഹമ്മദ് അക്ബർ ആശംസകൾ നേർന്നു.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ആർ.വി.എം മുസ്തഫ, സത്താർ കരൂപ്പടന്ന, മുസ്തഫ വടുതല, ബഷീർ സൈദ്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായിരുന്ന ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, വിവിധ മണ്ഡലം ഭാരവാഹികൾ, നിസാർ ചമക്കാല എന്നിവർ സംബന്ധിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി ഷാജി എ.എ സ്വാഗതവും ട്രഷറർ മുസ്തഫ നെടുംപറമ്പ് നന്ദിയും പറഞ്ഞു.






