കൊച്ചി-ഒരു കാലത്ത് വെള്ളിത്തിരയില്‍ തിളങ്ങി നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി. ചലചിത്ര സംഘടനയായ അമ്മ നിര്‍മ്മിച്ച് നല്‍കിയ അക്ഷര വീട്ടില്‍ സഹോദരങ്ങളുടെ അവഗണന നിമിത്തം അരക്ഷിതാവസ്ഥയിലാവുകയും താമസിക്കാന്‍ കഴിയാതെ വീട് വിട്ടിറങ്ങി.അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ബീന കുമ്പളങ്ങിക്ക് അഭയമൊരുക്കി. കൊടുമണ്‍ കുളത്തിനാലില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലേക്കാണ് ബീനയെ എത്തിച്ചത്. ഇന്നലെ മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയും ജീവകാരുണ്യ പ്രവര്‍ത്തകയും ചലചിത്ര നടിയുമായ സീമ ജി നായര്‍, മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ ആന്റണി, മഹാത്മ ലീഗല്‍ അഡൈ്വസര്‍ അഡ്വ. മുജീബ് റഹ്മാന്‍ എന്നിവര്‍ കൊച്ചിയിലെത്തി ബീനയുടെ സംരക്ഷണം ഏറ്റെടുത്തു. പള്ളുരുത്തി പോലിസ് സ്റ്റേഷനില്‍ എത്തി തന്റെ വീട് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും തന്റെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു. കൂടാതെ തന്റെ സുരക്ഷിതമായ ജീവിതത്തിന് അടൂര്‍ മഹാത്മയില്‍ അഭയം തേടുന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് അടൂരിലേക്ക് പോയത്. അമ്മ നിര്‍മ്മിച്ച് നല്‍കിയ വീട്ടില്‍ സമാധാനത്തോടെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ബീന പറയുന്നു.സഹോദരങ്ങളുടെ മാനസിക പീഡനം സഹിക്കവയ്യാതെ വന്നതോടെയാണ് ബീന സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. ചലച്ചിത്ര താരം സിമ ജി നായരെ വിളിച്ചതോടെയാണ് അഗതി മന്ദിരത്തിലേക്കുള്ള വഴി തെളിഞ്ഞത്. അമ്മ സംഘടന നിര്‍മ്മിച്ച് നല്‍കിയ വീട് എഴുതി നല്‍കണമെന്നാണ് സഹോദരങ്ങള്‍ ആവശ്യപ്പെട്ടത്. തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ബീന പറഞ്ഞു. 2021ല്‍ ആണ് അമ്മ സംഘടന നിര്‍മ്മിച്ച് നല്‍കിയ അക്ഷര വീടിന്റെ താക്കോല്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായ നടന്‍ മോഹന്‍ലാല്‍ ബീന കുമ്പളങ്ങിക്ക് കൈമാറിയത്. കൊച്ചി അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.