ഈ വർഷത്തെ ഏറ്റവും വലിയ സ്‌പോർട്‌സ് വാർത്ത സൗദി അറേബ്യയാണ്. 2023 തുടക്കത്തിൽ ക്രിസ്റ്റിയാനൊ റൊണാൾഡൊ അന്നസ്‌റിൽ ചേർന്നതോടെ ലോക ഫുട്‌ബോളിന്റെ വാർത്താ കേന്ദ്രമായി സൗദി. 2034 ലെ ലോകകപ്പിന് സൗദി വിരുന്നൊരുക്കുമെന്ന വാർത്തയോടെയാണ് വർഷം അവസാനിക്കുന്നത്. ഗോൾഫും ഹെവിവെയ്റ്റ് ബോക്‌സിംഗും ഫോർമുല വൺ റെയ്‌സും ദകാർ റാലിയും മുൻനിര താരങ്ങൾ മാറ്റുരക്കുന്ന ടെന്നിസുമൊക്കെയായി സൗദി ആഗോള സ്‌പോർട്‌സിൽ വിജയക്കൊടി നാട്ടിയ വർഷമാണ് കടന്നുപോവുന്നത്....
2022 ഡിസംബർ 31 നാണ് അതു സംഭവിച്ചത്. ക്രിസ്റ്റിയാനൊ റൊണാൾഡൊ റെക്കോർഡ് ട്രാൻസ്ഫർ തുകയിൽ സൗദി അറേബ്യൻ ക്ലബ്ബ് അന്നസ്‌റിൽ ചേർന്നു. ലോകകപ്പിൽ നിരാശപ്പെടുത്തുകയും മാഞ്ചസ്റ്റർ യുനൈറ്റഡിൽ കോച്ചിനെ പരസ്യമായി വിമർശിച്ച് പുറത്തു പോവാൻ അവസരമൊരുക്കുകയും ചെയ്ത ഒരു വെറ്ററൻ താരത്തിന് സൗദി ലീഗിന്റെ ആലസ്യത്തിൽ വിശ്രമ കാലം എന്നേ വിദഗ്ധർ പോലും വിലയിരുത്തിയുള്ളൂ. പക്ഷേ അത് ആഗോള ഫുട്‌ബോളിൽ കൊടുങ്കാറ്റിളക്കി. ബാലൻഡോർ ജേതാവ് കരീം ബെൻസീമയും ബ്രസീലിയൻ ബോയ് വണ്ടർ നെയ്മാറും റിയാദ് മഹ്‌റേസും എൻഗോളൊ കാണ്ടെയും മുതൽ മുൻനിര കളിക്കാർ സൗദി ലീഗിൽ ചേരാൻ ക്യൂ നിന്നു. വർഷാവസാനം ഖത്തറിൽ ലോകകപ്പുയർത്തിയ അർജന്റീനയുടെ നായകൻ ലിയണൽ മെസ്സിയെ തന്നെ കൊണ്ടുവരാൻ ശ്രമം നടന്നു.
റൊണാൾഡോക്ക് വിശ്രമിക്കാൻ ഒരു ലീഗ് എന്ന് കരുതിയവർ വൈകാതെ നിലപാട് തിരുത്തി. വെറ്ററൻ താരങ്ങൾ മാത്രമല്ല ഫ്രാങ്ക് കെസി, അലൻ സെയ്ന്റ് മാക്‌സിം, റൂബൻ നെവെസ്, സെർജി മിലിൻകോവിച് സാവിച് തുടങ്ങിയ യുവ താരങ്ങളും സൗദി ലീഗിൽ ചേർന്നു.
സൗദി ലീഗ് ലോകത്തെ ഏറ്റവും മികച്ച ലീഗുകളോട് കിടപിടിക്കുമെന്നും ഏറ്റവും ചുരുങ്ങിയത് മെസ്സി കളിക്കുന്ന അമേരിക്കൻ മേജർ ലീഗ് സോക്കറിനേക്കാൾ മികച്ചതാണെന്നും റൊണാൾഡൊ ലോകത്തോട് പറഞ്ഞു. വർഷം പിന്നിടുമ്പോൾ സൗദി പ്രൊ ലീഗിൽ ടോപ്‌സ്‌കോററാണ് റൊണാൾഡൊ. അവസാനിച്ചുവെന്നു കരുതിയ ഇന്റർനാഷനൽ കരിയറിന് മുപ്പത്തെട്ടുകാരൻ പുതുജീവൻ നൽകി.
കളിക്കാർ മാത്രമല്ല, ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റുകളും സൗദിയിലേക്കെത്തുകയാണ്. 2027 ൽ രാജ്യം ഏഷ്യൻ കപ്പിന് വേദിയൊരുക്കും. വനിതാ ഏഷ്യൻ കപ്പ് വേദി നേടിയെടുക്കാനും ശ്രമം നടക്കുന്നു. 2034 ലെ ലോകകപ്പാണ് സൗദി ഏറ്റവുമധികം ആഗ്രഹിച്ചത്. ഫിഫ നടപടിക്രമങ്ങൾ വേഗത്തിലാക്കിയതോടെ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മുമ്പെ ആ സ്വപ്‌നവും പൂവണിയുകയാണ്. നാട്ടിൽ മാത്രമല്ല സൗദിയുടെ സ്വാധീനം പ്രകടമായത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വാലറ്റത്ത് പരുങ്ങുകയായിരുന്ന ന്യൂകാസിലിനെ സൗദി ഏറ്റെടുത്തു. വലിയ കളിക്കാരെയൊന്നും കൊണ്ടുവരാൻ ന്യൂകാസിൽ മുതിർന്നില്ല.
പഴയ കോച്ചിനെ മാറ്റി എഡ്ഡി ഹോവെയെ നിയമിച്ചു. ആദ്യ സീസണിൽ പ്രീമിയർ ലീഗിൽ മുൻനിരയിലേക്കുയരാൻ ന്യൂകാസിലിന് സാധിച്ചു. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ലീഗ് കപ്പിൽ ഫൈനൽ കളിച്ചു. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലുകളും സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലുകളും സൗദിയിലാണ് നടക്കുന്നത്. എന്തിന്, സന്തോഷ് ട്രോഫിയുടെ കഴിഞ്ഞ സീസണിലെ ഫൈനൽ റൗണ്ട് വരെ അരങ്ങേറിയത് സൗദിയിലാണ്.
വെൽക്കം എൽ.ഐ.വി
സൗദി അറേബ്യയുടെ ഇടപെടൽ അടിമുടി മാറ്റിയ മറ്റൊരു കായികരംഗം ഗോൾഫാണ്. 2022 ലാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിൽ അമ്പരപ്പിക്കുന്ന സമ്മാനത്തുകയുമായി എൽ.ഐ.വി ഗോൾഫ് സീരീസ് ആരംഭിച്ചത്.
മുൻ മേജർ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പർ താരങ്ങളുമായ ഡസ്റ്റിൻ ജോൺസൺ, സെർജിയൊ ഗാർസിയ, മാർടിൻ കയ്മർ, ഗ്രേം മക്ഡവൽ, ലൂയിസ് ഊസ്തൂയ്‌സെൻ, ചാൾ ഷ്വാർറ്റ്‌സൽ, ലീ വെസ്റ്റ് വുഡ്, ബ്രയ്‌സൻ ദെഷാംബൂ, ബ്രൂക്‌സ് കോപ്ക, പാട്രിക് റീഡ് തുടങ്ങിയവർ എൽ.ഐ.വി സീരീസുമായി വൻ തുകയുടെ കരാറൊപ്പിട്ടു. ഇതിനെ വെല്ലുവിളിയായാണ് ഔദ്യോഗിക പി.ജി.എ ടൂർ കണ്ടത്. എൽ.ഐ.വിയിൽ ചേർന്നവരെ വിലക്കാനും അതുവഴി എൽ.ഐ.വി സീരീസിന്റെ വഴിമുടക്കാനും ഔദ്യോഗിക വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.
എന്നാൽ ഈ വർഷം അത് സഹകരണത്തിലേക്ക് മാറുകയും കളിക്കാരുടെ പ്രൈസ് മണിയിൽ കനത്ത വർധനയുണ്ടാവുകയും ചെയ്തു. ജൂൺ ആറിന് എൽ.ഐ.വിയും പി.ജി.എയും സഹകരണം പ്രഖ്യാപിച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റിന്റെ ഫണ്ടിംഗിൽ പ്രധാന ഗോൾഫ് അസോസിയേഷനുകൾ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. പുതിയ കമ്പനിയുടെ ചെയർമാനായി യാസിർ അൽറുമയ്യാൻ നിയമിതനായി. കനത്ത വിമർശകനായിരുന്ന ലോക മൂന്നാം റാങ്ക് ജോൺ റാം എൽ.ഐ.വിയുമായി കരാറൊപ്പിട്ടു.
ജനറേഷൻ നെക്സ്റ്റ്
21 വയസ്സിന് താഴെയുള്ള ലോകത്തെ മികച്ച ടെന്നിസ് താരങ്ങളുടെ നെക്‌സ്റ്റ് ജെൻ എ.ടി.പി ഫൈനൽസിന് ജിദ്ദ ആതിഥ്യമരുളുന്നതു കണ്ടാണ് വർഷം അവസാനിക്കുന്നത്. 2027 വരെ ഈ ടൂർണമെന്റ് സൗദിയിലായിരിക്കും നടക്കുക. ഈയാഴ്ച ലോക ഒന്നാം നമ്പർ നോവക് ജോകോവിച്, രണ്ടാം നമ്പർ കാർലോസ് അൽകാരസ്, ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷന്റെ വനിതാ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ അരീന സബലെങ്ക, അറബ്-ആഫ്രിക്കൻ ഒന്നാം നമ്പർ ഉൻസ് ജാബിർ എന്നിവർ റിയാദിൽ കളിക്കും.
ഗ്രാന്റ്സ്ലാം കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റുകളിലൊന്നിന് ആതിഥ്യം വഹിക്കാനുള്ള സൗദിയുടെ ചർച്ച അവസാന ഘട്ടത്തിലാണ്. പുരുഷ ടെന്നിസ് അസോസിയേഷനും വനിതാ ടെന്നിസ് അസോസിയേഷനും സൗദിയിൽ ടൂർണമെന്റുകൾ നടത്താനൊരുങ്ങുകയാണ്. വനിതാ സ്‌പോർട്‌സിലെ അവകാശപ്പോരാളിയും ടെന്നിസ് ലെജന്റുമായ ബില്ലി ജീൻ കിംഗ് ഉൾപ്പെടെ ഇതിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. വർഷാന്ത വനിതാ ടെന്നിസ് ഫൈനൽസിന് സൗദി വേദിയാകുമെന്നാണ് റിപ്പോർട്ട്.
അറാംകോ പ്ലയർ ഓഫ് ദ മാച്ച്
ക്രിക്കറ്റിൽ കൂടി സൗദിയുടെ പാദമുദ്ര പതിഞ്ഞ വർഷമാണ് 2023. ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയുമുൾപ്പെടെ ഐ.സി.സി നടത്തുന്ന എല്ലാ പ്രധാന ടൂർണമെന്റുകളുടെയും സ്‌പോൺസർമാരിലൊന്നായി അറാംകോ കരാറൊപ്പിട്ടു. പ്ലയർ ഓഫ് ദ മാച്ച് അവാർഡുകൾ അറാംകോയുടെ പേരിലായി. അറാംകോയുടെ റീസൈക്ലിംഗ് മെഷീനുകൾ ഐ.സി.സി മത്സരങ്ങൾ നടക്കുന്ന വേദികളിൽ സ്ഥാപിതമായി.
ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്‌പോൺസർമാരിലൊന്നായി ഈ വർഷം സൗദി ടൂറിസം കരാറൊപ്പിട്ടു. കൂടുതൽ റൺസും വിക്കറ്റും നേടുന്ന കളിക്കാരനുള്ള ഓറഞ്ച്, പർപ്ൾ ക്യാപുകൾ സ്‌പോൺസർ ചെയ്യുന്നത് അറാംകോയാണ്. ഐ.പി.എല്ലിൽ വലിയ നിക്ഷേപത്തിന് സൗദി ഒരുങ്ങുന്നതായും സൗദിയിൽ ഐ.പി.എൽ മത്സരങ്ങൾ അരങ്ങേറിയേക്കുമെന്നും വാർത്തകൾ വന്നു.
ഫാസ്റ്റസ്റ്റ് ട്രാക്ക്
2021 ലാണ് സൗദി അറേബ്യൻ ഗ്രാന്റ്പ്രി ഫോർമുല വൺ റെയ്‌സ് ആരംഭിച്ചത്. ജിദ്ദയിൽ ഫാസ്റ്റസ്റ്റ് ട്രാക്കും നൈറ്റ് റെയ്‌സുമൊരുക്കി മത്സരത്തെ സൗദി ആഘോഷമാക്കി. ഫോർമുല വണ്ണിന്റെ ഉടമസ്ഥാവകാശം തന്നെ സൗദി സ്വന്തമാക്കുന്ന ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇപ്പോൾ ലിബർടി മീഡിയ കോർപറേഷനാണ് ഫോർമുല വണ്ണിന്റെ ഉടസ്ഥാവകാശം.
ഹെവിവെയ്റ്റ്
2019 ൽ ആൻഡി റൂയിസും ആന്റണി ജോഷ്വയും തമ്മിൽ നടന്ന ലോക ഹെവിവെയ്റ്റ് പോരാട്ടമാണ് സൗദി വേദിയൊരുക്കിയ ആദ്യത്തെ പ്രധാന ബോക്‌സിംഗ് മത്സരം. കളി തോറ്റ റൂയിസിന് ആറ് കോടി ഡോളർ പ്രതിഫലം കിട്ടിയെന്നാണ് വാർത്ത. കഴിഞ്ഞ വർഷം ജോഷ്വയും ഒലക്‌സാണ്ടർ ഉസിക്കും തമ്മിലുള്ള പോരാട്ടം ലോക ശ്രദ്ധയാകർഷിച്ചു. അതോടെ സൗദി അറേബ്യ വമ്പൻ ബോക്‌സിംഗ് പോരാട്ടങ്ങളുടെ സ്ഥിരം വേദിയായി.
മിക്‌സഡ് മാർഷ്യൽ ഹീറോ ഫ്രാൻസിസ് എൻഗാനുവും ബോക്‌സിംഗ് ചാമ്പ്യൻ ടൈസൻ ഫുറിയും തമ്മിലുള്ള റിയാദിലെ ക്രോസ് ഓവർ മാച്ച് ബോക്‌സിംഗിൽ സൗദിയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവായി. പുതുവർഷം സൗദി അറേബ്യയിൽ ലോക ബോക്‌സിംഗിലെ നിർണായക പോരാട്ടം നടക്കും. ഹെവിവെയ്റ്റ് ബോക്‌സിംഗിലെ സർവാംഗീകൃത ചാമ്പ്യനെ കണ്ടെത്താനായി ടൈസൻ ഫുറിയും ഒലക്‌സാണ്ടർ ഉസിക്കും ഫെബ്രുവരിയിൽ റിയാദിൽ റിംഗിലിറങ്ങും. വിജയിക്ക് ബോക്‌സിംഗിലെ എല്ലാ പ്രധാന ബെൽറ്റുകളും സ്വന്തമാവും. 1999 നു ശേഷം ഹെവിവെയ്റ്റ് ബോക്‌സിംഗിൽ അനിഷേധ്യ ചാമ്പ്യനുണ്ടാവും. ഡബ്ല്യ.ബി.സി ചാമ്പ്യനായ ഫുറിയും ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.ഒ, ഐ.ബി.ഒ, ഐ.ബി.എഫ് ചാമ്പ്യനായ ഉസിക്കും ഇതുവരെ പരാജയമറിഞ്ഞിട്ടില്ല.
സ്‌പോർട്‌സ് വാഷിംഗ്
സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങൾ സ്‌പോർട്‌സിന്റെ തിളക്കം കൊണ്ട് മറച്ചുപിടിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് പാശ്ചാത്യ ലോകത്ത് വ്യാപകമായ പ്രചാരണങ്ങൾ അരങ്ങേറി. ഖത്തറും സൗദിയുമൊക്കെ സ്‌പോർട്‌സ് വാഷിംഗാണ് നടത്തുന്നതെന്നാണ് അവരുടെ ആരോപണം. ഖത്തർ കഴിഞ്ഞ വർഷം അതിന് മറുപടി നൽകിയത് അതിമനോഹരമായ, അതേസമയം മനസ്സിനെ സ്പർശിക്കുന്ന ഒരുപാട് ലോകകപ്പ് ദൃശ്യങ്ങളൊരുക്കിയാണ്. ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും സ്‌പോർട്‌സ് വാഷിംഗിനെക്കുറിച്ച് ചോദ്യമുണ്ടായി. സ്‌പോർട്‌സ് വാഷിംഗിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അത്തരം ആരോപണങ്ങൾ കാര്യമാക്കുന്നേയില്ല. സ്‌പോർട്‌സ് വാഷിംഗ് സൗദിയുടെ ആഭ്യന്തര ഉൽപാദനം ഒരു ശതമാനമെങ്കിലും വർധിപ്പിക്കുന്നുവെങ്കിൽ ഞങ്ങൾ സ്‌പോർട്‌സ് വാഷിംഗ് നടത്തിക്കൊണ്ടിരിക്കും. അതിനെ നിങ്ങൾ എന്തു പേരിട്ട് വിളിച്ചാലും'.
പക്ഷേ മനുഷ്യാവകാശ ഇരട്ടത്താപ്പുകാർ അടങ്ങിയിരിക്കില്ല. ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നവർ 2026 ൽ അമേരിക്കയിൽ ലോകകപ്പ് നടക്കുമ്പോൾ മൗനം പാലിക്കും. ഒരു കാരണവുമില്ലാതെ ഇറാഖിനെ തരിപ്പണമാക്കുകയും ആയിരക്കണക്കിന് മനുഷ്യ ജീവനുകളെ കൊന്നൊടുക്കുകയും ലോക രാഷ്ട്രീയത്തെ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്ത അമേരിക്ക അതിന് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല.
ഗാസയിൽ ഇസ്രായിലിന്റെ നരമേധത്തിന് കുട പിടിക്കുകയാണ് അവർ. ഒരു പാശ്ചാത്യ ടീമിനും അവരുടെ ക്യാപ്റ്റനും അമേരിക്കയിലെ ലോകകപ്പിൽ കറുത്ത ആം ബാന്റണിയാൻ തോന്നില്ല. 2034 ൽ സൗദി ലോകകപ്പ് നടത്തുമ്പോൾ അവരുടെയൊക്കെ മനുഷ്യാവകാശ വികാരമുണരും. കാത്തിരിക്കുക.