Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം; കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം മേഖലയിലെ മറ്റേതൊരു യുദ്ധത്തേക്കാളും കൂടുതല്‍

ജിദ്ദ - അമേരിക്ക അടക്കമുള്ള ചില പശ്ചാത്യ രാജ്യങ്ങളുടെ നിർലോഭ സൈനിക, രാഷ്ട്രീയ പിന്തുണയോടെ രണ്ടര മാസത്തിലേറെയായി ഇസ്രായിൽ തുടരുന്ന ഗാസ യുദ്ധത്തിലെ ആളപായം ഇസ്രായിലും അറബികളും തമ്മിലുണ്ടായ മറ്റേതൊരു യുദ്ധത്തെക്കാളും കൂടുതലായി ഉയർന്നു. പത്താഴ്ചയിലേറെയായി തുടരുന്ന ഗാസ യുദ്ധത്തിൽ ഇതുവരെ 20,000 ലേറെ പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ ശേഖരിക്കൽ വെല്ലുവിളിയായി മാറിയതായി ഫലസ്തീൻ അധികൃതർ പറയുന്നു. ഗാസ യുദ്ധത്തിലെ യഥാർഥ മരണസംഖ്യ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളെക്കാൾ ഏറെ കൂടുതലായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നേതൃത്വം നൽകി നടത്തിയ യുദ്ധങ്ങളിൽ ഏറ്റവും രൂക്ഷമായ ആക്രമണ കാലത്ത് മരണപ്പെട്ടവരെക്കാൾ കൂടുതലാണ് ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണമെന്ന് സൈനിക വിദഗ്ധർ പറയുന്നു. ലോകം മുമ്പ് സാക്ഷ്യം വഹിച്ച ഏതു യുദ്ധത്തെക്കാളും ഭീകരമാണ് ഗാസ യുദ്ധമെന്ന് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ ഗാസ അനലിസ്റ്റ് അസ്മി കിശാവി പറഞ്ഞു. യുദ്ധം ആരംഭിച്ചതോടെ താനും കുടുംബവും ഉത്തര ഗാസയിലെ വീട്ടിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇതിനകം ആറു തവണ തങ്ങൾ താമസം മാറി. ഇപ്പോൾ ദക്ഷിണ ഗാസയിലെ റഫയിൽ യു.എൻ അഭയാർഥി ക്യാമ്പിനു സമീപമുള്ള തമ്പിലാണ് താനും കുടുംബവും കഴിയുന്നതെന്ന് അസ്മി കിശാവി പറഞ്ഞു.
ജീവനും കൊണ്ട് രക്ഷപ്പെടാൻ പോലും കഴിയാത്ത സാധാരണക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞ ഒരു ചെറിയ പ്രദേശത്ത് ആയിരക്കണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയ ഇസ്രായിൽ കൂറ്റൻ ബോംബുകളും പീരങ്കികളും ആക്രമണത്തിന് ഉപയോഗിക്കുന്നു. 75 വർഷം മുമ്പ് ഇസ്രായിൽ സ്ഥാപിതമായ ശേഷം ഫലസ്തീനികൾക്കെതിരെ ഇസ്രായിൽ നടത്തുന്ന ഏറ്റവും രൂക്ഷമായ യുദ്ധമാണ് ഇപ്പോഴത്തെത്. 1948 ൽ ഇസ്രായിൽ സ്ഥാപനത്തെ തുടർന്നുണ്ടായ യുദ്ധത്തിൽ 15,000 ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 1982 ൽ ഇസ്രായിലിന്റെ ലെബനോൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കാൾ കൂടുതൽ ഇപ്പോഴത്തെ ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. നാലു പതിറ്റാണ്ടുകൾക്കു ശേഷവും യുദ്ധത്തിന്റെ അനിശ്ചിതത്വം കാരണം ലെബനോനിൽ ഇസ്രായിൽ യുദ്ധത്തിൽ കൊല്ലപ്പട്ടവരുടെ കൃത്യമായ കണക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. യുദ്ധത്തിൽ ലെബനോനിൽ 17,825 പേർ കൊല്ലപ്പെട്ടതായി അക്കാലത്ത് അറബ് ലോകത്ത് ഏറ്റവും ആദരണീയമായ പത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പട്ടിരുന്ന അൽനഹാർ പത്രം പോലീസ്, ആശുപത്രി രേഖകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്തു. യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാനാണ് സാധ്യതയെന്നും അൽനഹാർ പത്രം പറഞ്ഞു.  
1967 ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഈജിപ്തുകാരും സിറിയക്കാരും അടക്കം 19,000 ഓളം അറബികൾ ഇസ്രായിലിനെതിരായ പോരാട്ടത്തിൽ കൊല്ലപ്പെട്ടു. 1973 ലെ യുദ്ധത്തിലും ഏതാണ്ട് ഇത്രയും പേർ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തിലും ഭൂരിഭാഗവും ഈജിപ്തുകാരും സിറിയക്കാരുമായിരുന്നു. ഇസ്രായിൽ നേരത്തെ നടത്തിയ ഗാസ, ലെബനോൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പോരാളികളായിരുന്നു. എന്നാൽ ഇപ്പോഴത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറയുന്നു. യുദ്ധത്തിൽ എത്ര പോരാളികൾ കൊല്ലപ്പെട്ടു എന്ന കണക്കുകൾ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം നൽകുന്നില്ല. ഹമാസിന്റെ 7,000 ഓളം പോരാളികളെ തങ്ങൾ കൊലപ്പെടുത്തിയതായി ഇസ്രായിൽ അവകാശപ്പെടുന്നു. എന്നാൽ ഈ കണക്ക് എങ്ങിനെയാണ് ലഭിച്ചതെന്ന് ഇസ്രായിൽ വെളിപ്പെടുത്തുന്നില്ല. 
യുദ്ധത്തിൽ തകർന്നടിഞ്ഞ പതിനായിരക്കണക്കിന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കൂടി പുറത്തെടുക്കുന്നതോടെ ഗാസ യുദ്ധത്തിലെ മരണ സംഖ്യ ഏറെ കൂടുമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടവർക്കു പുറമെ യുദ്ധത്തിൽ 6,700 പേരെ കാണാതായിട്ടുണ്ടെന്ന് ഗാസ ഗവൺമെന്റ് വക്താവ് പറഞ്ഞു. ഇവരിൽ പലരും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിലാണെന്നാണ് കരുതുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കാണാതായി കുടുങ്ങിക്കുടക്കുന്നവരിൽ മഹാഭൂരിഭാഗവും മരണപ്പെട്ടിട്ടുണ്ടാകുമെന്ന് ഇസ്രായിലിലെയും ഫലസ്തീനിലെയും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഓഫീസ് ഡയറക്ടർ ഉമർ ശാകിർ പറഞ്ഞു. യുദ്ധം ഇന്ന് അവസാനിച്ചാൽ പോലും മരണ സംഖ്യ ഉയരുമെന്നും ഉമർ ശാകിർ പറയുന്നു. ഗാസയിൽ പ്രവർത്തിക്കാനുള്ള പ്രയാസങ്ങൾ കാരണം ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ ശേഖരിക്കാൻ ഒരു സ്വതന്ത്ര സംഘടനക്കും സാധിക്കുന്നില്ല. 
 ഇസ്രായിൽ ഉപരോധവും, ഇന്ധനവും മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിന് ബാധകമാക്കിയ കർശന നിയന്ത്രണങ്ങളും ഇസ്രായിൽ ആക്രമണങ്ങളുടെ ഫലമായി വാർത്താവിനിമയ സംവിധാനങ്ങൾ ആവർത്തിച്ച് സ്തംഭിക്കുന്നതും കാരണവും ആശുപത്രികൾ ബോംബിട്ട് തകർത്തതിനാലും വാർത്താ വിനിമയ സംവിധാനങ്ങൾ ഇസ്രായിലിന്റെ നിയന്ത്രണത്തിലായതിനാലും ഇന്ധനക്ഷാമവും കാരണം യുദ്ധത്തിൽ മരണപ്പെട്ടവരെ കുറിച്ച വിവരങ്ങൾ ശേഖരിക്കൽ തീർത്തും ദുഷ്‌കരമായതായി ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നു. ആശുപത്രി, മോർച്ചറി രേഖകളിൽ നിന്നാണ് കൊല്ലപ്പെട്ടവരുടെ കണക്കുകൾ നേരത്തെ അധികൃതർ ശേഖരിച്ചിരുന്നത്. 
ഇരുപതു ലക്ഷത്തിലേറെ വരുന്ന ഗാസ ജനസംഖ്യയിലെ 85 ശതമാനം പേർ വീടുകളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഗാസ നഗരം പൂർണമായും തകർന്ന് തരിപ്പണമായി പ്രേതഭൂമിയായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിനാളുകൾ റോഡുകളിലാണ് അന്തിയുറങ്ങുന്നത്. മറ്റുള്ളവർ തിങ്ങിനിറഞ്ഞതും രോഗങ്ങൾ പടർന്നുപിടിച്ചതുമായ അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്. രണ്ടു മാസമായി ഗാസയിൽ വൈദ്യുതിയില്ല. ഭക്ഷണവും ശുദ്ധജലവും വിരളമാണ്. ഗാസ ജനസംഖ്യയിൽ പകുതിയും പട്ടിണി ഭീഷണിയിലാണെന്ന് യു.എൻ പറയുന്നു. ഗാസ ജനസംഖ്യയിൽ 90 ശതമാനത്തിനും ഒരു ദിവസം എല്ലാ നേരവും ഭക്ഷണം ലഭിക്കുന്നില്ല. 
തന്റെ കുടുംബത്തിലെ 30 ലേറെ പേർ ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗാസയിൽ ജനിച്ചുവളർന്ന, ഇപ്പോൾ കാലിഫോർണിയയിൽ കഴിയുന്ന, ഹമാസിന്റെ കടുത്ത വിമർശകനായ അഹ്മദ് ഫുവാദ് അൽഖതീബ് പറഞ്ഞു. മൂന്നു മാസം മുതൽ 70 വയസ് വരെ പ്രായമുള്ളവർ കൊല്ലപ്പെട്ടു. ഇവരാരും ഹമാസുമായി ഒരു ബന്ധവുമുള്ളവരല്ല. കുടുംബ വീടുകൾക്കു നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിലാണ് ഇവരെല്ലാവരും കൊല്ലപ്പെട്ടതെന്നും അഹ്മദ് ഫുവാദ് അൽഖതീബ് പറഞ്ഞു.

Latest News