കപ്പലുകള്‍ വിടില്ലെന്ന് ഹൂതികള്‍ വീണ്ടും; നേരിടാന്‍ 20 രാജ്യങ്ങളുടെ സഖ്യമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍- യെമന്‍ ഹൂതി തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് ചെങ്കടലിലെ വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിനുള്ള സഖ്യത്തില്‍ ചേരാന്‍ 20 ലധികം രാജ്യങ്ങള്‍ സമ്മതിച്ചതായി അമേരിക്ക. സഖ്യത്തില്‍ ഒപ്പിട്ട 20 ലധികം രാജ്യങ്ങളുണ്ടെന്ന് പെന്റഗണ്‍ വക്താവ് ജനറല്‍ പാറ്റ് റൈഡറിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഹൂതികള്‍ ആഗോള സാമ്പത്തിക അഭിവൃദ്ധിയെ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ ചെങ്കടല്‍ കപ്പല്‍ പാതയിലെ കൊള്ളക്കാരായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള വാണിജ്യ കപ്പലുകളെ സഹായിക്കാനും ആക്രമണം അവസാനിപ്പിക്കാന്‍ ഹൂതികളെ പ്രേരിപ്പിക്കാനും സഖ്യസേന ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും പട്രോളിംഗ് നടത്തുമെന്ന് പാറ്റ് റൈഡര്‍ പറഞ്ഞു.
ചെങ്കടലില്‍ കപ്പല്‍ യാത്ര സംരക്ഷിക്കുന്നതിനായി പ്രോസ്‌പെരിറ്റി ഗാര്‍ഡിയന്‍ എന്ന പ്രത്യേക ഓപ്പറേഷന്‍ ആരംഭിക്കുമെന്ന്  യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യു.കെ, ബഹ്‌റൈന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സീഷെല്‍സ്, സ്‌പെയിന്‍ തുടങ്ങിയവ സഖ്യത്തിലെ രാജ്യങ്ങളില്‍ ഉള്‍പ്പെടും.
സഖ്യത്തില്‍ ചേര്‍ന്ന എട്ട് രാജ്യങ്ങള്‍ തങ്ങളുടെ പങ്കാളിത്തം പരസ്യമായി പ്രഖ്യാപിക്കാന്‍ വിസമ്മതിച്ചു. അതേസയമം, തങ്ങള്‍ പ്രഖ്യാപിച്ച നടപടി തുടരുമെന്ന സഖ്യത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹൂതികള്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ നീങ്ങുന്ന ഏത് രാജ്യത്തിന്റെ കപ്പല്‍ ചെങ്കടലില്‍ തങ്ങളുടെ ലക്ഷ്യമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഗാസ മുനമ്പില്‍ ഇസ്രായില്‍ ഫലസ്തീനികള്‍ക്കെതിരെ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ ചെങ്കടലിലും ബബല്‍മന്ദിഖ് കടലിടുക്കിലും ഹൂതി സംഘം നിരവധി കപ്പലുകള്‍ ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു.
ചെങ്കടലിലെ തുടര്‍ച്ചയായ ഹൂതി ആക്രമണങ്ങളെത്തുടര്‍ന്ന്, പ്രമുഖ ഷിപ്പിംഗ് കമ്പനികളായ ഡാനിഷ് മര്‍സ്‌ക്, ജര്‍മ്മന്‍ ഹപാഗ്‌ലോയ്ഡ്, ഫ്രഞ്ച് സിഎംഎ സിജിഎം, ബ്രിട്ടീഷ് ബ്രിട്ടീഷ് പെട്രോളിയം എന്നിവ ബാബല്‍ മന്ദഖ് കടലിടുക്കിലൂടെ തങ്ങളുടെ കപ്പലുകള്‍ കടന്നുപോകുന്നത്  നിര്‍ത്തിവെച്ചിരിക്കയാണ്. ഇസ്രായിലിലേക്ക് പോകുന്നതോ ഇസ്രായിലുമായി ബന്ധമുള്ളതോ ആയ കപ്പലുകള്‍ ആക്രമിക്കുമെന്നാണ് ഹൂതികള്‍ ആവര്‍ത്തിക്കുന്നത്.  

 

Latest News