ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റെന്ന പരാതിയുമായി ഭര്‍ത്താവ്

ചെന്നൈ - ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ പതിനായിരം രൂപക്ക് വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യക്കും കാമുകന്‍ ദിനേശിനും എതിരേ പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചത്.

ശരവണനും ദിവ്യക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്.

ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മക്ക് ഒപ്പമായിരുന്നു കഴിഞ്ഞത്. കഴിഞ്ഞദിവസം ദിനേശ് ഇവിടെയെത്തി രണ്ട് കുട്ടികളെ പിടിച്ചുകൊണ്ടുപോയി.

ഇവരെയും വില്‍ക്കാനാണ് പദ്ധതിയെന്നും ശരവണന്‍ ആരോപിച്ചു. ഇയാളുടെ പരാതി കലക്ടര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

 

 

Latest News