ദോഹ- അടയാളം ഖത്തർ കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അരുൺ, സെക്രട്ടറിയായി ഷംന ആസ്മി, ജോയിന്റ് സെക്രട്ടറി സിദ്ദിഹ, വൈസ് പ്രസിഡന്റ് അൻസാർ അരിമ്പ്ര, ട്രഷറർ സുഭാഷ് എന്നിവരെ തെരഞ്ഞെടുത്തു. കൂടുതൽ സക്രിയമായും സർഗാത്മകമായും വരും വർഷത്തെ പ്രവർത്തനങ്ങളെ നയിക്കുന്നതിന് 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
ഡിസംബർ 15 നു ചേർന്ന അടയാളം ഖത്തർ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തി. ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സജീവവും ഗൗരവമുള്ളതുമായ സാംസ്‌കാരിക ഇടപെടൽ കൊണ്ട് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി.
സാഹിത്യ, കലാ, സാംസ്‌കാരിക രംഗങ്ങളിൽ പ്രതിലോമകരമായ പ്രവണതകൾ തീവ്രമാകുന്ന സമകാലീന സാഹചര്യത്തിൽ എങ്ങനെ കൂടുതൽ വിശാലവും പുരോഗമനപരവുമായ രീതിയിൽ സാംസ്‌കാരിക പ്രവർത്തനത്തെ വിപുലപ്പെടുത്താമെന്ന് യോഗം ചർച്ച ചെയ്തു. ഫലസ്തീനിലെ ജനതയ്ക്ക് മുകളിൽ ഇസ്രായിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ അധിനിവേശത്തെയും കുട്ടികളെ അടക്കം കൂട്ടക്കൊല ചെയ്യുന്ന സയണിസ്റ്റ് ഭീകരതയെയും, അതിനോട് സാമ്രാജ്യത്വ രാജ്യങ്ങൾ പുലർത്തുന്ന നിസ്സംഗതയേയും ഏകപക്ഷീയതയെയും ജനറൽ ബോഡി അപലപിച്ചു.






