ദോഹ- ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന് അനുഭാവം പ്രകടിപ്പിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ മൂന്നാം സീസൺ ഇന്ന് വെള്ളിയാഴ്ച ദോഹ യൂനിവേഴ്‌സിറ്റി ഗ്രൗണ്ടിൽ (സി.എൻ.എ.ക്യു) തുടക്കമാകും. ഖത്തറിലെ പ്രഗത്ഭരായ പതിനാറ് ഇന്ത്യൻ കമ്യൂണിറ്റി ടീമുകളാണ് കളിക്കളത്തിലിറങ്ങുക.
വെള്ളിയാഴ്ച മൂന്ന് മണിക്ക് ടൂർണമെന്റിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബർ 29 ന് ദോഹ സ്‌റ്റേഡിയത്തിലായിരിക്കും നടക്കുകയെന്നും സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആസ്റ്റർ ഹെൽത്ത് കെയർ ടൈറ്റിൽ സ്‌പോൺസറായും, മറൈൻ എയർ കണ്ടീഷനിംഗ് ആൻഡ് റെഫ്രിജറേഷൻ കമ്പനി മെയിൻ സ്‌പോൺസറായും സംഘടിപ്പിക്കപ്പെടുന്ന ടൂർണമെന്റിലെ ചാമ്പ്യന്മാർക്ക് 3023 ഖത്തർ റിയാലും എവർ റോളിംഗ് ട്രോഫിയും, ഫസ്റ്റ് റണ്ണർ അപ്പിന് 2023 ഖത്തർ റിയാലും ട്രോഫിയും സെക്കന്റ് റണ്ണർ അപ്പിന് കേബ്‌ടെക് ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് നൽകുന്ന 1023 ഖത്തർ റിയാലും ട്രോഫിയുമാണ് സമ്മാനമായി നൽകുക.
ഉദ്ഘാടന മത്സരത്തിൽ ഓർബിറ്റ് എഫ്.സി, ഒറിക്‌സ് എഫ്.സി കാസർകോടിനെയും തുടർന്നുള്ള മത്സരങ്ങളിൽ സിറ്റി എക്‌സ്‌ചേഞ്ച് എഫ്.സി, വൈക്കിംഗ് എഫ്.സി അൽഖോറിനെയും, അഡ്വാൻസ് പ്ലസ് എഫ്.സി, ഈഗിൾസ് എഫ്.സിയേയും, നാമിസ് ഇന്റർനാഷണൽ ന്യൂട്ടൻ എഫ്.സി, അൽ അനീസ് എഫ്.സിയേയും, ഖത്തർ ഫ്രണ്ട്‌സ് മമ്പാട്, വഖാസ് എ.എഫ്.സിയേയും, മഞ്ഞപ്പട എഫ്.സി, ബ്രദേർസ് എഫ്.സിയെയും ക്യു.കെ.ജെ.കെ എഫ്.സി മേറ്റ്‌സ് ഖത്തർ, നസീം യുണൈറ്റഡിനേയും ഫാർമ കെയർ എഫ്.സി, ബീച്ച് ബോയ്‌സ് എഫ്.സി ട്രിവാൻഡ്രത്തെയും നേരിടും.
ആസ്റ്റർ ഹെൽത്ത് കെയർ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രസ്സ് മീറ്റിൽ ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി.ടി സിദ്ദീഖ് ചെറുവാടി, ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ആസ്റ്റർ ഖത്തർ ഡോ.നാസർ മൂപ്പൻ, മറൈൻ എയർകണ്ടീഷനിംഗ് ആൻഡ് റെഫ്രിജറേഷൻ കമ്പനി എം.ഡി ഷൗക്കത്തലി ടി.എ.ജെ, ടൂർണമെന്റ് ഫിനാൻസ് മാനേജർ ജാബിർ ബേപ്പൂർ, മീഡിയ വിംഗ് ചെയർമാൻ അഹ് മദ് നിയാസ് മൂർക്കനാട്, ടൂർണമെന്റ് രജിസ്‌ട്രേഷൻ വിംഗ് ചെയർമാൻ രതീഷ് കക്കോവ് എന്നിവർ പങ്കെടുത്തു.






