Sorry, you need to enable JavaScript to visit this website.

നേരാണ് നേര്

സാറാ മുഹമ്മദിന് കണ്ണുകാണില്ല, പക്ഷേ അവള്‍ സ്പര്‍ശനത്തിലൂടെ അവള്‍ക്കെല്ലാം തിരിച്ചറിയാനാവും. തനിക്ക് കാഴ്ചയേ ഇല്ലാതുള്ളുവെന്നും ബാക്കിയെല്ലാം തിരിച്ചറിയാനാവുമെന്നും അവള്‍ക്ക് ആത്മവിശ്വാസമുണ്ട്. ആ പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തിന്റെ നേരെ നിയമം ചാര്‍ത്തുന്ന കയ്യൊപ്പാണ് നേര്. 

കോര്‍ട്ട് റൂം ഡ്രാമ എന്ന വിശേഷണത്തോടെയാണ് സംവിധായകന്‍ ജീത്തു ജോസഫ് നേര് തയ്യാറാക്കിയത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്ന് തിരക്കഥയൊരുക്കിയതും കോര്‍ട്ട് റൂം ഡ്രാമയാണ്. ഒരു മിനുട്ടു പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കോടതി മുറിക്കുള്ളില്‍ തളച്ചിടുന്നുണ്ട് ഈ കോര്‍ട്ട് റൂം ഡ്രാമ. 

മോഹന്‍ലാല്‍ എന്ന ഇരുത്തം വന്ന നടനേക്കാള്‍ സാറാ മുഹമ്മദ് എന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയെ അവതരിപ്പിച്ച് മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട് അനശ്വര രാജന്‍. അനശ്വരയുടെ മികച്ച അഭിനയത്തോടൊപ്പം മോഹന്‍ലാലിന്റെ വളരെ മികവാര്‍ന്ന അഡ്വ. വിജയ മോഹനും സിദ്ദീഖിന്റെ അഡ്വ. രാജശേഖരനും ചേരുമ്പോള്‍ നേര് സിനിമ പ്രേക്ഷകര്‍ക്ക് കോടതി മുറിയുടെ മികവ് കാണിച്ചു തരും. 

മാതാപിതാക്കളും വീട്ടു ജോലിക്കാരിയും പുറത്തു പോയ സമയത്ത് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയവന് ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതാണ് നേര്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത്മാന്‍ തുടങ്ങിയവ പോലെ യാതൊരു സസ്‌പെന്‍സും മുമ്പോട്ടേക്ക് വെക്കാതെ ആദ്യം തന്നെ പ്രതിയെ ചൂണ്ടിക്കാട്ടിയാണ് സിനിമ പുരോഗമിക്കുന്നത്. 

ഒരു കേസ് കോടതിയിലെത്തുമ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പ്രേക്ഷകര്‍ക്കു മുമ്പില്‍ വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട് നേര്. വക്കീലിന്റെ മിടുക്കിന് അനുസരിച്ച് കേസ് ഏത് ഭാഗത്തേക്ക് വേണമെങ്കിലും തിരിയാമെന്ന് നേര് പറയുന്നു. സത്യത്തിനും ധര്‍മത്തിനും ഒരു പരിധിവരെ മാത്രം സ്ഥാനമുള്ള കോടതി മുറിക്കുള്ളില്‍ തെളിവിനാണ് ഏറ്റവും പ്രാധാന്യം. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നേര്‍ക്കു നേര്‍ മത്സരിച്ച കെ. ബി. ഗണേഷ് കുമാറും ജഗദീഷും ഈ സിനിമയില്‍ ഒന്നിച്ച് വേഷമിടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

പതിവ് കോടതി ചിത്രങ്ങള്‍ പോലെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് ജീത്തു ജോസഫ് നേരും ചെയ്തിരിക്കുന്നത്. 

ഇരയല്ല, താനാണ് നീതി തേടിയതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന സാറാ മുഹമ്മദുണ്ടല്ലോ, കണ്ണുകാണില്ലെങ്കിലും തന്റെ മുഖം പൊതുസമൂഹത്തിന് മുമ്പില്‍ പ്രകടമാക്കി കോടതി മുറിക്കുള്ളില്‍ നിന്നും ഇറങ്ങിപ്പോകുന്ന അനശ്വര രാജന്റെ സാറാ മുഹമ്മദ്, അവള്‍ക്കാണ് ഈ സിനിമയിലെ നിറഞ്ഞ കയ്യടി.

Latest News