നാളെ നാട്ടില്‍ പോകാനിരിക്കെ മരിച്ച സലീം കാപ്പിലിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും

റിയാദ്- വെള്ളിയാഴ്ച നാട്ടില്‍ പോകാനിരിക്കെ റിയാദില്‍ നിര്യാതനായ പാലക്കാട് എടത്തറ സ്വദേശി സലീം കാപ്പിലിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി സമൂഹിക പ്രവര്‍ത്തകന്‍ നിഅ് മത്തുല്ല അറിയിച്ചു.
പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്തറ അഞ്ചാം മൈല്‍ സ്വദേശിയായ സലീം കാപ്പില്‍ (48) ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയിലെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് പക്ഷാഘാതത്തെ  തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം വെള്ളിയാഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം. തനിമ കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍: ആദില്‍ അസ് ലം, അമീറ, ആലിയ, മുഫീദ, മുനീറ.

 

Latest News