സിന്ദൂരമണിഞ്ഞ് നവവധുവായി  വീണ നായര്‍

കൊല്ലം- സിനിമാ ടെലിവിഷന്‍ രംഗത്ത് സജീവമായ താരമാണ് വീണ നായര്‍. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് ഉള്‍പ്പെടെയുള്ള ഷോകളിലും വീണ നിരവധി ആരാധകരെ സ്വന്തമാക്കി. അവതാരക, നര്‍ത്തകി എന്നീ നിലകളിലും വീണ മികവ് തെളിയിച്ചിട്ടുണ്ട്. സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളെയാണ് വീണ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. സമൂഹമാദ്ധ്യമങ്ങളിലും താരം സജീവമാണ്.
ആര്‍ജെ അമനുമായി 2014ല്‍ വിവാഹം കഴിഞ്ഞെങ്കിലും പിന്നീട് ബന്ധം വേര്‍പിരിഞ്ഞിരുന്നു. അഭിമുഖങ്ങളില്‍ രണ്ടാം വിവാഹത്തെ കുറിച്ച് ചോദ്യങ്ങളുണ്ടാകാറുണ്ടെങ്കിലും പലപ്പോഴും വീണ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. 'കല്യാണപ്പെണ്ണ്, എല്ലാം പെട്ടെന്നായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്. ആരാണ് വരന്‍ എന്ന ചോദ്യവുമായി ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. സെലിബ്രിറ്റി ഡിസൈനറായ നിഥിന്‍ സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. അടുത്തിടെ മകന്‍ അമ്പാടി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം വീണ പങ്കുവച്ചിരുന്നു.

Latest News