Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബുദാബിയിൽ ഭരത് മുരളി നാടകോത്സവം നാളെ മുതൽ

അബുദാബി- അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം വെള്ളിയാഴ്ച ആരംഭിക്കും. നാളെ ഉദ്ഘാട ചടങ്ങ് നടക്കും. ശനിയാഴ്ച മുതൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പത്ത് സമിതികൾ ജനുവരി 20 വരെയുള്ള ദിവസങ്ങളിലായി നാടകങ്ങൾ അരങ്ങിലെത്തിക്കും. ജനുവരി 22ന് ഫലപ്രഖ്യാപനം നടക്കും. സാജിദ് കൊടിഞ്ഞിയുടെ സംവിധാനത്തിൽ ക്രീയേറ്റിവ് ക്ലൗഡ് അലൈൻ അവതരിപ്പിക്കുന്ന സോർബ എന്ന നാടകം ശനിയാഴ്ച ആദ്യ നാടകമായി അവതരിപ്പിക്കും. 30ന് അജയ് അന്നൂർ സംവിധാനം ചെയ്ത് അൽഖൂസ് തീയേറ്റർ അവതരിപ്പിക്കുന്ന ജീവലത, 31ന് പ്രശോബ് ബാലന്റെ സംവിധാനത്തിൽ കനൽ തിയേറ്റേഴ്‌സ് ദുബായ് അവതരിപ്പിക്കുന്ന മരണക്കളി, ജനുവരി ഒന്നിന് ബിജുകൊട്ടില സംവിധാനം ചെയ്ത് ചേതന റാസൽഖൈമ അവതരിപ്പിക്കുന്ന കെ.പി. ബാബുവിന്റെ പൂച്ച, ജനുവരി ആറിന് ഹസീം അമരവിള സംവിധാനം ചെയ്ത് ശക്തി തീയേറ്റേഴ്‌സ് അബുദാബി അരങ്ങിലെത്തിക്കുന്ന സോവിയറ്റ് സ്‌റ്റേഷൻ കടവ്, ജനുവരി ഏഴിന് അഭിമന്യൂ വിനയകുമാർ സംവിധാനം ചെയ്ത് ചമയം തിയേറ്റേഴ്‌സ് ഷാർജ അവതരിപ്പിക്കുന്ന ടോയ്മാൻ, ജനുവരി 13ന് ഷൈജു അന്തിക്കാടിന്റെ സംവിധാനത്തിൽ അലൈൻ ഇന്ത്യ സോഷ്യൽ സെന്ററിന്റെ ട്വിങ്കിൾ റോസായും പന്ത്രണ്ടു കാമുകന്മാരും, ജനുവരി 14ന് ഒ.ടി. ഷാജഹാന്റെ സംവിധാനത്തിൽ ഓർമ ദുബായിയുടെ ഭൂതങ്ങൾ, 19ന് യുവകലാസാഹിതി അബുദാബി വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുക്കുന്ന ആറാം ദിവസം, അവസാന ദിവസമായ ജനുവരി 20ന് സുചിവീരന്റെ സംവിധാനത്തിൽ ഒന്റാരിയൊ തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന കാമമോഹിതം എന്നീ നാടകങ്ങൾ അരങ്ങിലെത്തും.
എല്ലാ ദിവസവും രാത്രി എട്ടിന് നാടകം ആരംഭിക്കും. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ നാടകോത്സവമാണ് കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം. ഒരുമണിക്കൂറിൽ കുറയാത്തതും പരമാവധി രണ്ട് മണിക്കൂർ നീളുന്നതുമായ നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കുക. ഏറ്റവും മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച മൂന്നാമത്തെ അവതരണം, സംവിധായകൻ, നടൻ, നടി, രണ്ടാമത്തെ നല്ല നടൻ, രണ്ടാമത്തെ നല്ല നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, ചമയം രംഗസജ്ജീകരണം എന്നീ പുരസ്‌കാരങ്ങൾക്ക് പുറമെ പ്രോത്സാഹന സമ്മാനമായി യു.എ.ഇയിൽ നിന്നുള്ള ഏറ്റവും നല്ല സംവിധായകനും സമ്മാനമുണ്ട്.
ഏറ്റവും മികച്ച അവതരണത്തിന് 15,000 ദിർഹവും രണ്ടാമത്തെ മികച്ച അവതരണത്തിന് 10,000 ദിർഹവും മികച്ച മൂന്നാമത്തെ അവതരണത്തിന് 5,000 ദിർഹവും സമ്മാനമായി നൽകും. കൂടാതെ മികച്ച യു.എ.ഇ യിലെ സംവിധായകന് 500 ദർഹം സമ്മാനത്തുക നൽകും.
കേരളത്തിലെ പ്രശസ്തരും പ്രതിഭാധനന്മാരുമായ സംവിധായകരാണ് ഓരോ സമിതിയുടെയും നാടകങ്ങൾ സംവിധാനം ചെയ്യുന്നത്. നാട്ടിൽ നിന്നുള്ള സംവിധായകരോടൊപ്പം യു.എ.ഇയിലെ പ്രവാസികളായ രചയിതാക്കളും സംവിധായകരും നാടകോത്സവത്തിന്റെ ഭാഗമാകുന്നുണ്ട്.
നാടകോത്സവത്തിന്റെ ഭാഗമായി യു.എ.ഇയിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Tags

Latest News