ദുബായ്- അമിത വേഗതയിൽ ഓടിച്ച സ്പോർട്സ് കാർ നിയന്ത്രണം വിട്ട് പാലത്തിൽനിന്ന് താഴേക്ക് പതിച്ച് തീപ്പിടിച്ച് രണ്ടു പേർ മരിച്ചു.
അൽ ഖവാനീജിൽ ഇത്തിഹാദ് മാളിന് സമീപമുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അർധ രാത്രിയിൽ അമിത വേഗതയിൽ ഓടിച്ച കാർ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് തെന്നിമാറി ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. തുടർന്ന് കാറിന് തീപ്പിടിച്ചതാണ് രണ്ടു പേരുടെയും മരണത്തിനിടയാക്കിയതെന്നും പോലീസ് വിശദീകരിച്ചു.
അപകടം നടന്ന ഉടനെ ട്രാഫിക് പോലീസ് എത്തി കാറിലുണ്ടായിരുന്നവരെ ആംബുലൻസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപകടകരവും നിരുത്തരവാദപരമവുമായ ഡ്രൈവിംഗ്മൂലം സ്വയം രക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാവുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി. ട്രാഫിക് പോലീസ് നിർദേശിക്കുന്ന വേഗ പരിധി പാലിക്കാനും അപകടം തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും എല്ലാവരും ശ്രമിക്കണമെന്നും മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി അഭ്യർഥിച്ചു.






