പ്രതിപക്ഷ എം. പിമാരെ സസ്‌പെന്റ് ചെയതതല്ല മിമിക്രിയാണ് മാധ്യമങ്ങള്‍ക്ക് ചര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- പ്രതിപക്ഷ എം. പിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തിട്ടും മാധ്യമങ്ങളുടെ ചര്‍ച്ച മിമിക്രിയാണെന്ന് രാഹുല്‍ ഗാന്ധി. അനാവശ്യ വിവാദങ്ങളിലാണ് മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 

പാര്‍ലമെന്റ് വളപ്പില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധര്‍കറിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം. പി കല്യാണ്‍ ബാനര്‍ജി മിമിക്രി നടത്തിയതുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

150 എം. പിമാരെയാണ് സഭയില്‍ നിന്നു പുറത്താക്കിയത്. എന്നാല്‍ അതിനെക്കുറിച്ച് ഒരു മാധ്യമങ്ങളിലും ചര്‍ച്ചയില്ല. അദാനിയെക്കുറിച്ചില്ല, റഫേലിനെക്കുറിച്ചില്ല, തൊഴിലില്ലായ്മ വിഷയമാകുന്നില്ല. ഞങ്ങളുടെ എം. പിമാര്‍ നിരാശരായി പുറത്തുതുടരുകയാണ്. പക്ഷേ നിങ്ങളുടെ ശ്രദ്ധ മിമിക്രിയിലാണെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയും കൂട്ട സസ്‌പെന്‍ഷനും ചോദ്യം ചെയ്ത് പ്രതിപക്ഷ എം. പിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ അനുകരിച്ച് മിമിക്രി കാണിച്ചതാണ് വിവാദത്തിന് തുടക്കമായത്. ഇത് രാഹുല്‍ ഗാന്ധി ഫോണില്‍ ചിത്രീകരിച്ചിരുന്നു.

Latest News