സൗദി അറേബ്യയുടെ ഏറ്റവും പ്രതിഭാധനനായ സംരംഭകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അൽ ഖൽത്താമി സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണ് മന്തൂബ് (വിതരണക്കാരൻ). മുഴുനീള കോമഡി ചിത്രമാണിത്. ടെൽഫാസ് 11, സി-3ഫിലിംസ് എന്നിവയുടെ സഹസ്ഥാപകനാണ് ഖൽത്താമി. ഗോവയിലെ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു. നേരത്തെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം സൗദി അറേബ്യയിലെ വളർന്നുവരുന്ന പ്രതിഭകളെ കുറിച്ച് പറയുന്നു. റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിൽ ഇന്റർനാഷണൽ വിഭാഗത്തിലായിരുന്നു മന്തൂബ് ഇടംപിടിച്ചത്.
റിയാദിലെ ഉയർന്ന ജീവിത ചുറ്റുപാടിൽ ചിത്രീകരിച്ചിരിക്കുന്ന മന്തൂബ്, നിഷ്‌കളങ്കനും കഠിനാധ്വാനിയും സത്യസന്ധനും അതേസമയം കടബാധ്യതയുമുള്ള ഒരു മനുഷ്യന്റെ കഥയാണ്. ഡയാലിസിസ് ചെയ്ത പിതാവിന് സിംഗപ്പൂരിൽ മികച്ച വൈദ്യസഹായം നൽകുന്നതിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ഫഹദ് അൽഗദാനിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. വിധി ഒരിക്കലും ഈ യുവാവിന് അനുകൂലമായിരുന്നില്ല. ക്രിമിനൽ സംഘത്തിൽ നിന്ന് തന്റെ പിതാവിനെയും കുടുംബത്തെയും തന്നെ തന്നെയും സംരക്ഷിക്കുന്നതിൽ ഫഹദിന്റെ പരീക്ഷണങ്ങളും പ്രയാസങ്ങളും വളരെ രസകരമായി ചിത്രത്തിൽ വരച്ചുകാട്ടുന്നു. സൗദി അറേബ്യയിലെ തൊഴിലാളികളുടെ ഒരിക്കലും പുറംലോകം കണ്ടിട്ടില്ലാത്ത കാഴ്ചകൾ സംവിധായകൻ ഖൽത്താമി പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. ഒപ്പം സമൂഹത്തിലെ ഉന്നതരായ ഉപഭോക്താക്കളുടെ അസാധ്യമായ ഓർഡറുകൾ നിറവേറ്റാൻ കൃത്യസമയത്ത് എത്താൻ അശ്രാന്തമായി പരിശ്രമിക്കുന്ന ഡെലിവറി ഡ്രൈവർമാരുടെ ജീവിതവും.
അച്ഛൻ നാസറും സഹോദരി സാറയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ യാഥാർഥ്യമാക്കാൻ പെടാപ്പാട് പെടുകയാണ് ഫഹദ്. നല്ല ശമ്പളമുള്ള സ്ഥിരം ജോലി ലഭിക്കാതെ, തുടക്കത്തിൽ ഒരു കോൾ സെന്ററിൽ ജോലി ചെയ്യേണ്ടിവരുന്നു ഇയാൾക്ക്. അച്ഛന്റെയും സഹോദരിയുടെയും മെഡിക്കൽ ആവശ്യങ്ങൾക്കു വേണ്ട പണം സ്വരൂപിക്കുന്നതിനായി ഒരു ഡെലിവറിമാന്റെ ജോലിയും ഈ യുവാവ് ഏറ്റെടുക്കുന്നു. ഡെലിവറി അസൈൻമെന്റിനിടെ ഫഹദിന്റെ ജീവിതം മോശമായി മാറുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് ഹൃദയസ്പർശിയായ വികാരം ഉയരും.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഫഹദിന്റെ ജീവിത സാഹചര്യങ്ങളും പ്രവർത്തനങ്ങളും രസകരമായി തോന്നുമെങ്കിലും അയാളുടെ ഉള്ളിലെ അസ്വസ്ഥതയും നിരാശയും കൂടി പ്രേക്ഷകരുടെ മനസ്സിനെ മഥിക്കും. സൗദി അറേബ്യ സന്ദർശിക്കുന്ന പാശ്ചാത്യ ഉന്നതരുടെ വീക്ഷണ കോണിൽ നിന്ന് ഈ രാജ്യത്തെ നിലവിലെ സാഹചര്യത്തെയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങളെയും കുറിച്ച് 'ദുഃഖത്തിന്റെ ത്രികോണം' പോലെയുള്ള ഒരു ആക്ഷേപ ഹാസ്യമായാണ് സംവിധായകൻ അൽ ഖൽത്താമി തന്റെ സിനിമയെ വിശേഷിപ്പിക്കുന്നത്. സംവിധായകന്റെ തികച്ചും സെൻസിറ്റീവും സൂക്ഷ്മവുമായ കാഴ്ചകൾ സിനിമയിലുണ്ട്. അഹമ്മദ് തഹൂണിന്റെ അനായാസവും ഉജ്വലവുമായ ക്യാമറയാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം. വരുംകാല സൗദി അറേബ്യയിലെ സിനിമ മുന്നേറ്റത്തിന്റെ ചൂണ്ടുപലക കൂടിയാണ് ഈ സിനിമ.






