റിയാദ്- സൗദി അറേബ്യയിലെ ദക്ഷിണ അതിര്‍ത്തി പട്ടണമായ നജ്‌റാന്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന ആകാശത്തുവെച്ച് തകര്‍ത്തു.
യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നജ്‌റാനും ജിസാനുംനേരെ ഹൂത്തികള്‍ മിസൈല്‍ ആക്രമണം ആവര്‍ത്തിക്കുകയാണ്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അയച്ച മിസൈലുകള്‍ പലതും സൗദി വ്യോമ പ്രതിരോധ സേനയും സഖ്യസേനയും നിര്‍വീര്യമാക്കുകയായിരുന്നു.
ഏറ്റവും ഒടുവിലായി വെള്ളിയാഴ്ച രാത്രി 9.25 നാണ് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ നജ്‌റാന്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ അയച്ചതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. യെമനിലെ അംറാന്‍ ഗവര്‍ണറേറ്റ് ആണ് മിസൈല്‍ ആക്രമണത്തിന്റെ ഉറവിടം. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈല്‍ തകര്‍ത്തു. ജനവാസമില്ലാത്ത മരുഭൂപ്രദേശത്താണ് തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ പതിച്ചത്. ആര്‍ക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
ഹൂത്തികള്‍ക്ക് മിസൈല്‍ ആക്രമണത്തിനു സാധിക്കുന്നുവെന്നത് ഇറാന്‍ പിന്തുണ ലഭിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.